കോട്ടയം: കോട്ടയം മോനിപ്പള്ളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. ഇലഞ്ഞി സ്വദേശി സതീശ്, മകൻ മിഥുൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം നടന്നത്.

മോനിപ്പള്ളി ജംഗ്ഷനിൽ വച്ച്‌ ഇലഞ്ഞി റോഡിൽ നിന്ന് എം.സി റോഡിലേക്ക് കയറിയ ബൈക്കിൽ എതിർദിശയിൽ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഏതാണ്ട് പത്ത് മീറ്ററോളം സതീഷിനെയും മകനെയും വലിച്ചുകൊണ്ട് ടോറസ് മുന്നോട്ട് പോയി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.സി റോഡിലൂടെ നിയന്ത്രണം വിട്ടുവന്ന ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിയ്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.