ആലുവ: പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. പെരുമ്പാവൂർ പാലക്കാട്ട് താഴത്തുള്ള ഭായിക്കോളനി പരിസരത്ത് ദീർഘകാലമായി അച്ചിട്ടിരുന്ന കടമുറികളിൽ നിന്നാണ് രണ്ട് ലോഡോളം വരുന്ന ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ്, എക്‌സ്സെസ്, പെരുമ്പാവൂർ നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടികൂടിയത്.

അടഞ്ഞുകിടന്ന കടമുറികളുടെ താഴ് പൊലീസ് പൊളിച്ചാണ് ചാക്കു കെട്ടുകളിലാക്കി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്നുകൾ എന്നിവ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായാണ് പെരുമ്പാവൂരും റെയ്ഡ് നടന്നത്.

ഞായറാഴ്ച പരിശോധന നടത്തിയ പൊലീസ് സംഘത്തിൽ പെരുമ്പാവൂർ ഡി,വൈ.എസ്‌പി എൻ.ആർ.ജയരാജ്, ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രൻ, സബ് ഇൻസ്‌പെക്ടർമാരായ എസ്.ആർ.സനീഷ്, ജോഷി പോൾ, എഎസ്ഐമാരായ സലീം, റെജി ജോസ് എസ്.സി.പി.ഒ സുബൈർ എന്നിവരാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുമെന്ന് എസ്‌പി കാർത്തിക് പറഞ്ഞു.