ലപ്പോഴും കഥകൾ വായിച്ചും സിനിമകൾ കണ്ടും നാം പറയാറുണ്ട് തികച്ചും അസംഭവ്യമായ സംഭവങ്ങൾ എന്ന്. എന്നാൽ ചിലപ്പോഴെങ്കിലും അത്തരത്തിലുള്ള അസംഭവ്യങ്ങളായ സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിലും സംഭവിക്കാറുണ്ട്. നാം അറിയാതെ സ്വയം മൂക്കത്ത് വിരൽവെച്ചു പോകുന്ന രണ്ടു സംഭവങ്ങളാണ് ഈ വാർത്തക്ക് ആധാരം.

സുന്ദരിപ്പട്ടം പിടിച്ചുവാങ്ങി മുൻ സുന്ദരി

പൊതുവേ ആധുനിക സമൂഹത്തിന്റെ ആചാരമര്യാദകൾ പാലിക്കപ്പെടുന്ന ഒരു മത്സരവേദിയാണ് സൗന്ദര്യ മത്സരങ്ങൾ. വേഷഭൂഷാദികളിലും ആകാര സൗഷ്ടവത്തിലും മാത്രമല്ല, പെരുമാറ്റ രീതിയിലും, സ്വഭാവത്തിലും അതുപോലെ ചിന്തകളിലുമൊക്കെ ഔന്നത്യം പുലർത്തുന്നവർക്കെ ഇത്തരം മത്സരങ്ങളിൽ വിജയം ഉറപ്പിക്കാനാകൂ. ഔപചാരികതയും തീൻ മേശ മര്യാദകളും വരെ കണക്കിലെടുക്കപ്പെടുന്ന ഇത്തരം ഒരു മത്സരത്തിലെ വിജയി സ്റ്റേജിൽ വച്ച് തീർത്തും അപമര്യാദയായി പെരുമാറുക എന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. എന്നാൽ അത്തരത്തിലൊരു നടപടിയാണ് ശ്രീലങ്കയിലെ സൗന്ദര്യ മത്സരവേദിയിൽ നടന്നത്.

2020-2021-ലെ മിസിസ്സ് ശ്രീലങ്കയെ തെരഞ്ഞെടുക്കാനുള്ള വേദിയാണ് വിവാദത്തിനിരയായിരിക്കുന്നത്. 31 കാരിയായ പുഷ്പിക ഡി സിൽവയാണ് ഇത്തവണ മിസിസ്സ് ശ്രീലങ്കയായി തെരഞ്ഞെടുക്കപ്പെട്ടത്. കൊളംബോയിലെ നീലം പോകുന മഹിന്ദ രജപക്ഷേ തീയറ്ററിലായിരുന്നു മത്സരം നടന്നത്. മാത്രമല്ല, അത് നാഷണൽ ടി വി ചാനലിൽ സംപ്രേഷണം ചെയ്യുന്നുമുണ്ടായിരുന്നു. സുന്ദരിയുടെ കിരീടധാരണം കഴിഞ്ഞയുടെനെയായിരുന്നു തീർത്തും അവിശ്വസനീയമായ സംഭവങ്ങൾ അരങ്ങേറിയത്.

2019-ൽ മിസിസ്സ് ശ്രീലങ്കയായി തെരഞ്ഞെടുക്കപ്പെട്ട കരോലിൻ ജൂലിയാണ് വിവാദ നായിക. ഈ 28 കാരി നിലവിൽ മിസ് വേൾഡും കൂടിയാണ്. പുഷ്പിക ഡി സില്വയുടെ തലയിൽ നിന്നും ബലമായി കിരീടം പിടിച്ചുവലിച്ചെടുക്കുകയായിരുന്നു അവർ. ഡി സിൽവ വിവാഹമോചനം നേടിയ സ്ത്രീയാണെന്നായിരുന്നു അവർ കാരണമായി പറഞ്ഞത്. വേദിയിലെത്തി മൈക്ക് തട്ടിപ്പറിച്ചുവാങ്ങി അതിലൂടെയാണ് ജൂലി ഇക്കാര്യം പറഞ്ഞത്. മത്സര നിയമ പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നും പുഷ്പിക ഡിസിൽവ വിവാഹ മോചിതയാണെന്ന കാര്യം മറച്ചുവച്ചാണ് മത്സരത്തിൽ പങ്കെടുത്തതെന്നുമായിരുന്നു അവർ വിളിച്ചു പറഞ്ഞത്.

സ്ത്രീ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയുമൊക്കെ വേദിയായി കൊട്ടിഘോഷിക്കപ്പെടുന്ന ഒരു മത്സരത്തിലാണ് വിവാഹ മോചനം നേടിയ സ്ത്രീ പങ്കെടുക്കരുത് എന്നു പറയുന്നതെന്നോർക്കണം. തുടർന്ന് അവർ ഡി സിൽവയിൽ നിന്നും കിരീടം തട്ടിപ്പറിക്കുകയായിരുന്നു. തലയിൽനിന്നും വലിച്ചൂരിയ കിരീടം പിന്നീട് മത്സരത്തിൽ റണ്ണർ അപ്പ് ആയ സുന്ദരിയുടെ തലയിൽ വയ്ക്കുകയും ചെയ്തു ലോക സുന്ദരി.

തുടർന്ന് പുഷ്പിക ഡി സിൽവ സ്റ്റേജിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങിപ്പോയി. താൻ ഭർത്താവിൽ നിന്നും പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല എന്നാണ് ഡി സിൽവ പറയുന്നത്. പ്രത്യേകം താമസിക്കുന്നതും വിവാഹമോചനം നേടുന്നതും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളാണെന്നും അവർ പറയുന്നു. കിരീടം വലിച്ചൂരിയപ്പോൾ തന്റെ ശിരസ്സിന് മുറിവേറ്റെന്നും അതിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയെന്നും പറഞ്ഞ ഡിസിൽവ, തനിക്കേറ്റ മുറിവിനും അപമാനത്തിനും എതിരെ നിയമ നടപടികൾ എടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.

തീർത്തും വേദനാജനകമായ കാര്യം എന്നാണ് ഇതിനെ കുറിച്ച് മിസ്സിസ് ശ്രീലങ്ക നാഷണൽ ഡയറക്ടർ ചാന്ദിമൽ ജയസിംഗെ പ്രതികരിച്ചത്. കരോനിൽ ജൂരിയുടെ പെരുമാറ്റം തീർത്തും അപഹാസ്യമായിപ്പോയി എന്നുപറഞ്ഞ മിസിസ്സ് വേൾഡ് ഓർഗനൈസേഷൻ ഇതിനെ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 2011-ൽ മിസ്സ് ശ്രീലങ്ക പട്ടം നേടിയ വ്യക്തിയാണ് പുഷ്പിക ഡി സിൽവ.

നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയത് മകന്റെ ഭാര്യയായി

നിരവധി കണ്ണുനീർ സിനിമകളിൽ കണ്ടുമടുത്ത രംഗമാണ് വർഷങ്ങൾക്ക് മുൻപേ വേർപിരിഞ്ഞ അമ്മയും മകളും അല്ലെങ്കിൽ അച്ഛനും മകനുമൊക്കെ പിന്നീട് കണ്ടുമുട്ടുന്ന വികാരനിർഭരമായ രംഗങ്ങൾ. എന്നാൽ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒന്ന് യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത് ചൈനയിലാണ്. വർഷങ്ങൾക്ക് മുൻപ് തന്നിൽ നിന്നും വേർപിരിഞ്ഞുപോയ മകളെ ഒരു അമ്മ വീണ്ടും കണ്ടുമുട്ടുന്നത് മകന്റെ ഭാര്യയായി എത്തിയപ്പോഴാണ്.

വിവാഹ ദിവസം വധുവിന്റെ കൈയിൽ ഒരു പ്രത്യേക മറുക് കണ്ടാണ് അമ്മ മകളെ തിരിച്ചറിഞ്ഞത്. മാർച്ച് 31 ജിയംഗ്സു പ്രവിശ്യയിൽ സുഷോ എന്ന പട്ടണത്തിലാണ് ഈ കണ്ടുമുട്ടൽ നടന്നത്. പരസ്പരം തിരിച്ചറിഞ്ഞ അമ്മയും മകളും ഏറെ നേരം പരസ്പരം കെട്ടിപ്പിട്ടിച്ച് കരഞ്ഞുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വരനായ മകൻ ആ അമ്മയുടെ സ്വന്തം മകൻ അല്ലാത്തതിനാൽ വിവാഹത്തിന് അനുവാദം നല്കുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപേ മകളെ നഷ്ടപ്പെട്ട അമ്മ ഒരുപാട് തിരഞ്ഞെങ്കിലും മകളെ കണ്ടെത്താനായില്ല. പിന്നീട് ഒരു ആൺകുട്ടിയെ ദത്തെടുക്കുകയായിരുന്നു. വിവാഹ ദിവസം വധുവിന്റെ കൈകളിലെ മറുകു കണ്ട് വധുവിന്റെ മാതാപിതാക്കളോട് അവളെ ദത്തെടുത്തതാണോ എന്ന് ഇവർ തിരക്കുകയായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് ഒരു തെരുവോരത്തുന്നിന്നും കണ്ടെത്തിയ കുട്ടിയെ തങ്ങൾ ദത്തെടുക്കുകയായിരുന്നു എന്ന് അവർ സമ്മതിച്ചു. തുടർന്നാണ് വിവാഹത്തേക്കാൾ മനോഹരമായ മുഹൂർത്തം അവിടെ അരങ്ങേറിയത്.