കായംകുളം: ഐലന്റ് എക്സ്പ്രസ് ട്രെയിനിൽ ബംഗളുരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് മദ്യം കടത്തിയ രണ്ടു സ്ത്രീകളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 62 കുപ്പി മദ്യം പിടികൂടി.

കർണാടകത്തിൽ നിർമ്മിച്ച മദ്യമാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ രമേശൻ, ബംഗളുരു സ്വദേശിയായ തമിഴ് സംസാരിക്കുന്ന ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആർ.പി.എഫ്. ഇവരെ മദ്യവുമായി പിടികൂടിയത്.

ബംഗളുരുവിൽനിന്ന് മദ്യം തിരുവനന്തപുരത്ത് എത്തിച്ച് നൽകുന്നതിനാണ് സ്ത്രീകളെ നിയോഗിച്ചിരുന്നത്. ബംഗളുരുവിൽനിന്ന് ഇവരെ എൽപിച്ച മദ്യം തിരുവനന്തപുരത്ത് എത്തുമ്പോൾ അവിടെ എത്തുന്നയാളിന് കൈമാറാനായിരുന്നു നിർദ്ദേശം. തിരുവനന്തപുരത്ത് ഇവരിൽനിന്നും മദ്യം ഏറ്റെടുക്കാനെത്തിയ ടാക്സി ഡ്രൈവറെ കസ്റ്റിഡിയിലെടുത്തതായി സൂചനയുണ്ട്. പ്രധാന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി റെയിൽവേ പൊലീസ് പറഞ്ഞു.

ബംഗളുരുവിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കേരളത്തിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റ് വൻ ലാഭം ഉണ്ടാക്കുന്ന സംഘത്തിൽപ്പെട്ടവരാണിവർ. സ്ത്രീകളെ കൂടുതൽ സംശയിക്കില്ലെന്ന ധാരണയിലാണ് സംഘം ഇവരെ മദ്യം കടത്താൻ ഉപയോഗിക്കുന്നതെന്നും റെയിൽവേ പൊലീസ് പറഞ്ഞു. ആർ.പി.എഫ് എസ്‌ഐ: അരുൺനാരായണൻ, എഎസ്ഐ: ദിലീപ്, ശാലിനികേശവൻ, മുരളീധരൻപിള്ള, സീൻകുമാർ, ജോബി, ജോർജ്, ബിലു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.