ലണ്ടൻ: ഇന്ത്യയിൽ കോവിഷീൽഡ് എന്നറിയപ്പെടുന്ന അസ്ട്രസെനെക വാക്സിൻ ബ്രിട്ടന്റെ സ്വന്തം സൃഷ്ടിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെകയും ചേർന്ന് വികസിപ്പിച്ച ഈ വാക്സിനിൽ ഇപ്പോൽ ബ്രിട്ടീഷുകാർക്ക് തന്നെ വിശ്വാസം നഷ്ടപ്പെടുകയാണോ ? ആവശ്യത്തിന് ഫൈസർ വാക്സിന്റെ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യത്തിൽ കൂടി 40 വയസ്സിനു താഴെയുള്ളവർക്ക് അസ്ട്രസെനെക വാക്സിൻ നൽകാൻ ബ്രിട്ടീഷ് സർക്കാർ മടിക്കുന്നതുകാണുമ്പോൾ സ്വാഭാവികമായും ഉയരുന്ന സംശയമാണിത്.

ഫൈസർ വാക്സിന്റെ വിതരണം മന്ദഗതിയിലാവുകയും മൊഡേണയുടെ അളവ് പരിമിതപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്‌ച്ചകളായി എൻ എച്ച് എസ് വാക്സിൻ പദ്ധതി മന്ദഗതിയിലാക്കിയിരിക്കുകയാണ്. രക്തം കട്ടപിടിക്കൽ പോലുള്ള ചില ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 40 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്രസെനെക വാക്സിൻ നൽകരുതെന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ കഴിഞ്ഞമാസം നിർദ്ദേശിച്ചിരുന്നു. മറ്റു വാക്സിനുകളുടേ ദൗർലഭ്യം അനുഭവപ്പെടുമ്പോഴും ഈ നിർദ്ദേശം തിരുത്താൻ ജോയിന്റ് കമ്മിറ്റി തയ്യാറല്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

അപകട സാധ്യതയും വാക്സിൻ എടുക്കുന്നതുകൊണ്ടുള്ള മെച്ചവും തുലനം ചെയ്യുമ്പോൾ കൂടുതൽ മെച്ചം ലഭിക്കുന്ന ഒരു സാഹചര്യം വന്നാൽ മാത്രമേ തീരുമാനം പുനപരിശോധിക്കൂ എന്ന നിലപാടിലാണ് ജോയിന്റ് കമ്മിറ്റി. ഇതുവരെ 42 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. മൊത്തംജനസംഖ്യയുടെ 80 ശതമാനത്തോളം വരും ഇതും. 30.4 മില്ല്യൺ ആളുകൾക്കാണ് (മൊത്തം ജനസംഖ്യയുടെ 58 ശതമാനം) രണ്ടു ഡോസുകളും ലഭിച്ചിട്ടുള്ളത്.

ഇതോടെ ഫൈസർ വാക്സിന്റെയും മൊഡേണയുടെയും സ്റ്റോക്ക് വർദ്ധിപ്പിക്കാൻ സമ്മർദ്ദമേറിയിട്ടുണ്ട്. സ്വന്തം വാക്സിൻ ധാരാളമായി ഉള്ളപ്പോൾ തന്നെ ബ്രിട്ടൻ വിദേശരാജ്യങ്ങളുടെ വാക്സിൻ കൂടുതലായി വാങ്ങുവാൻ ഇതോടെ നിർബന്ധിതമായിരിക്കുകയാണ്. വാക്സിൻ പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറിയില്ലെങ്കിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഇനിയും നീട്ടേണ്ടതായി വന്നേക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. വാക്സിൻ പ്രതീക്ഷിച്ച രീതിയിൽ കൊടുക്കാൻ കഴിഞ്ഞതാണ് രോഗവ്യാപനം വർദ്ധിക്കുമ്പോഴും ചികിത്സതേടി ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുവരാൻ കാരണമെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്.

വളരെ വേഗത്തിൽ മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന ബ്രിട്ടന്റെ വാക്സിൻ പദ്ധതി വാക്സിൻ ദൗർലഭ്യം നിമിത്തം മന്ദഗതിയിലായിട്ടുണ്ട്. ഇന്നലത്തെ കണക്ക് പരിശോധിച്ചാൽ വാക്സിന്റെ കാര്യത്തിൽ ചൈന, ഡൊമിനിക്കൻ റിപ്പബ്ലിക്, ഉറുഗ്വേ എന്നീ രാജ്യങ്ങളുടേ പുറകിലാണ് ബ്രിട്ടന്റെ സ്ഥാനം. നിലവിൽ നൂറിൽ 0.68 പേർക്കാണ് ബ്രിട്ടനിൽ ഒരുദിവസം വാക്സിൻ നൽകുന്നതെങ്കിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പ്രതിദിനം നൂടിൽ 1.26 പേർക്ക് വീതം വാക്സിൻ നൽകുന്നുണ്ട്. ചൈനയിൽ ഇത് നൂറിൽ 1.14 പേർക്കും ഉറുഗ്വേയിൽ 1.07 ഉം ആണ്.