ലഖ്നൗ: ഉത്തർപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പു നേരിടാൻ കോൺഗ്രസ്. ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കൂടാതെ കർഷകർക്ക് സൗജന്യ വൈദ്യുതിയും വന്യജീവികളുടെ ആക്രമണത്തിൽ വിള നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും യുവാക്കൾക്ക് ജോലിയും സ്ത്രീ സുരക്ഷയുമാണ് കോൺഗ്രസ് സർക്കാർ മുന്നോട്ടുവെക്കുകയെന്ന് പ്രിയങ്ക പറഞ്ഞു.

യോഗി സർക്കാർ വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തർപ്രദേശിൽ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ഇതിന്റെ ഭാഗമായി 12000 കിലോമീറ്ററിൽ പ്രതിജ്ഞാ യാത്ര കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷൻ അപ് 2022 നും രൂപം നൽകി.

സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് മിഷന്റെ ഭാഗമായിരിക്കും. കോൺഗ്രസ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ സജ്ജമാണെന്ന് സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ അജയ് കുമാർ ലല്ലു പ്രതികരിച്ചു.

2017 ലെ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ ഏഴ് സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്.