ലഖ്‌നോ: പെൺകുട്ടികൾ ജീൻസും സ്‌കർട്ടും ധരിക്കുന്നത് ഉത്തർ പ്രദേശിലെ ഖാപ് പഞ്ചായത്ത്. മുസഫർനഗറിലെ പിപ്പൽഷാ ഗ്രാമത്തിൽ ചേർന്ന നാട്ടുകൂട്ടമാണ് തീരുമാനമെടുത്തത്. പുരുഷന്മാർക്ക് ഷോർട്‌സും വിലക്കിയിട്ടുണ്ട്.

''ഇത് നമ്മുടെ സംസ് കാരമല്ല. പെൺകുട്ടികൾ ജീൻസ് ധരിക്കരുത്. സ്‌കർട്ടുകളും. പുരുഷന്മാരും യോജിച്ച വസ്ത്രം അണിയണം. അനുയോജ്യമായ വസ്ത്രം ധരിക്കാത്ത പക്ഷം അവർക്കെതിരെ സാമൂഹിക വിലക്ക് നടപ്പാക്കും''- തീരുമാനം പ്രഖ്യാപിച്ച് ഭാരതീയ കിസാൻ സംഗതൻ പ്രസിഡന്റ് താകൂർ പുരാൻ സിങ് പറഞ്ഞു. നേരത്തെ കർഷക സമരത്തിൽനിന്ന് പിൻവാങ്ങി മാധ്യമ ശ്രദ്ധ നേടിയ സംഘടനയാണ് ബി.കെ.എസ്.

പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണ് വിലക്കപ്പെട്ട വസ്ത്രങ്ങളെന്നാണ് വിശദീകരണം. പകരം ഇന്ത്യൻ വേഷങ്ങളിലേക്ക് സ്ത്രീകളും പുരുഷന്മാരും പൂർണമായും മാറണം. സാരികൾ, ഖാഗ്രകൾ, സൽവാർ ഖമീസ് തുടങ്ങിയ പാരമ്പര്യ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അല്ലാത്തവർക്കെതിരെ ശിക്ഷയും ബഹിഷ്‌കരണവും നടപ്പാക്കും.

സ്‌കൂൾ യൂനിഫോമിന്റെ ഭാഗമായി കുട്ടികൾ ഹാഫ് പാന്റുകൾ അണിയുന്ന സാഹചര്യം ഒഴിവാക്കാൻ സ്‌കൂൾ മാനേജ്‌മെന്റുമായി സംസാരിക്കുമെന്നും താകൂർ പുരാൻ സിങ് കൂട്ടിച്ചേർത്തു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതേ ഗ്രാമത്തിൽ 'വില്ലേജ് പ്രധാൻ' തസ്തിക പട്ടിക ജാതി/ സംവരണമാക്കിയതിനെതിരെയും ഇവർ പ്രതിഷേധമുയർത്തിയിട്ടുണ്ട്.