ന്യൂഡൽഹി: കൊറോണാ വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നയം പ്രകാരം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് രണ്ട് വാക്സിനും എടുത്തശേഷം അമേരിക്കയിൽ പ്രവേശിക്കാം. നവംബർ മുതലാണ് ഈ സംവിധാനം നിലവിൽ വരിക.

2020 ആദ്യം കൊറോണാവ്യാപനം ആരംഭിച്ച സമയത്ത് തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശ സഞ്ചാരികൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഈ ഉത്തരവിന് മാറ്റം വരും.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് അവർ പൂർണമായി വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.