അബുദാബി: യുഎഇയിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കമ്മിറ്റി. ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും, ഭക്ഷണശാലകളിലും ഉൾപ്പെടെ ഇനി മുതൽ കൂടുതൽ പേർക്ക് പ്രവേശിക്കാം.

രാജ്യത്തെ ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, സിനിമാ തീയറ്ററുകൾ, ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ ഇനി മുതൽ ആകെ ശേഷിയുടെ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം. റസ്റ്റോറന്റുകളിലും കഫേകളിലും ഒരു ടേബിളിൽ ഇരിക്കാവുന്നവരുടെ പരമാവധി എണ്ണം 10 ആക്കി. എന്നാൽ റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ ഒഴികെ മറ്റ് സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പരിപാടികളിൽ ആകെ ശേഷിയുടെ 60 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിക്കാം. ഇവിടെയും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. പരിപാടികളിലും പ്രദർശനങ്ങളിലും രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിവാഹ ഹാളുകളിലും ആകെ ശേഷിയുടെ 60 ശതമാനം പേർക്ക് പ്രവേശനം നൽകാം. എന്നാൽ ആകെ അതിഥികളുടെ എണ്ണം 300ൽ കവിയാൻ പാടില്ല.