അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,723 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,06,092 ആയി. ചികിത്സയിലായിരുന്ന 1,607 പേർ രോഗമുക്തരാവുകയും ചെയ്തു. 1,83,007 പേരാണ് ഇതിനോടകം രോഗമുക്തരായത്. മൂന്ന് കോവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 665 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 150,244 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവിൽ 22,420 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. 2.07 കോടിയിലധികം കോവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.

അതേസമയം ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം യുഎഇയിലും സ്ഥിരീകരികരിച്ചു. യുഎഇ സർക്കാറിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമർ അൽ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തുനിന്നെത്തിയ ഏതാനും പേരിൽ മാത്രമാണ് രാജ്യത്ത് പുതിയ കോവിഡ് സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയ വിവരം അറിയിച്ചത്.