അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,067 പേർക്ക്. 24 മണിക്കൂറിനിടെ ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചികിത്സയിലായിരുന്ന 2,199 പേർ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,56,553 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരടക്കം രാജ്യത്ത് ഇതുവരെ 2,18,766 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 1,95,520 പേരാണ് ഇതുവരെ രോഗമുക്തരായത്. 689 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. നിലവിൽ 22,557 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 2.2 കോടിയോളം കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തിയിട്ടുണ്ട്.