അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,174 പേർക്ക്. യുഎഇയിൽ ഇതുവരെ 1,49,135 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 1,42,561 പേരും രോഗമുക്തരായിട്ടുണ്ട്. ചികിത്സയിലായിരുന്ന 678 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 528 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

നിലവിൽ 6,046 കോവിഡ് ബാധിതർ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,915 കോവിഡ് പരിശോധനകൾ നടത്തിയതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1.47 കോടി കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ പ്രവാസികൾ ദീപാവലി ആഘോഷിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങൾ മാത്രം പങ്കുചേരുന്ന ആഘോഷങ്ങളാക്കി പരിമിതപ്പെടുത്തുകയും ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ആശംസകൾ കൈമാറണമെന്നുമാണ് അധികൃതരുടെ നിർദ്ദേശം.