അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1284 പേർക്ക്. ചികിത്സയിലായിരുന്ന 765 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,44,602 കോവിഡ് പരിശോധനകൾ കൂടി രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഇതുവരെ യുഎഇയിൽ 1,91,150 പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ 1,67,306 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 630 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ 23,214 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. 1.89 കോടിയിലധികമാണ് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകളുടെ എണ്ണം. അതേസമയം ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് യുഎഇ അംഗീകാരം നൽകിയതിന് പിന്നാലെ പൊതുജനങ്ങൾക്ക് വാക്സിൻ ഇഞ്ചക്ഷനുകൾ നൽകിവരികയാണ്.