അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 391 പേർക്ക്. ഇതുവരെ 66,193 പേർക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 58,296 പേർ രോഗമുക്തരായി. 7527 രോഗികളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇന്ന് ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 370 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 82,191 പരിശോധനകളിലൂടെയാണ് ഇന്ന് 391 പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. പരിശോധനകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നൽകാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഊർജിതമായി നടക്കുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.