അബുദാബി: യുഎഇയിൽ ഇന്ന് 931 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77,842 ആയി. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ചികിത്സയിലായിരുന്ന 517 പേർ കൂടി ഇന്ന് രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും ഇന്ന് ഒരു മരണം പോലും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,177 കോവിഡ് പരിശോധനകൾ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതിയ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, സർക്കാർ നിർദ്ദേശിച്ച മുൻകരുതൽ നടപടികളെല്ലാം കർശനമായി പാലിക്കണമെന്ന് വ്യക്തികളോടും സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലും റസ്റ്റോറന്റുകളിലുമടക്കം ആളുകൾ കൂട്ടം കൂടുന്നതും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നതുമാണ് രോഗ വ്യാപനത്തിന്റെ മുഖ്യ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 10ന് രാജ്യത്ത് വെറും 179 പുതിയ കോവിഡ് കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ഒരു മാസത്തിനിപ്പുറം പ്രതിദിന രോഗ വ്യാപന നിരക്ക് അഞ്ചിരട്ടിയോളം വർദ്ധിച്ചിരിക്കുന്നത്. യുഎഇയിൽ ഇതുവരെ 77,842 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 68,462 പേർ രോഗമുക്തരായി. 398 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 8,982 കോവിഡ് രോഗികൾ രാജ്യത്തുണ്ട്.