ദുബായ്: ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്‌സ് എയർലൈൻസ് ഇത് സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്ന ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ കോവിഡ് നിരക്ക് കുറയുന്നതിനാൽ യുഎഇ യാത്രാ വിലക്ക് പിൻവലിക്കുമെന്ന് പ്രവാസികൾ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനമെത്തിയത്. കേരളത്തിൽ കുടുങ്ങിയവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് യാത്രാ വിലക്കിലൂടെ ഉണ്ടായിരിക്കുന്നത്.

നേരത്തെ ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയ്ക്ക് അനുമതി നൽകാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യുഎഇ സിവിൽ ഏവിയേഷന്റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരവധി പ്രവാസികളാണ് യാത്രാവിലക്കിൽ ബുദ്ധിമുട്ടുന്നത്.

കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുള്ള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകൾ തുടരും. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്.