ന്യൂഡൽഹി: പിണറായി വിജയനും ഇടതു മുന്നണിക്കും തുടർഭരണം പ്രവചിക്കുന്ന തെരഞ്ഞെടുപ്പു സർവ്വേ റിപ്പോർട്ടുകളാണ് അടുത്ത ദിവസങ്ങളിലായി പുറത്തുവരുന്നത്. ദേശീയ തലത്തിലെ സർവേ ഏജൻസികളും സംസ്ഥാനത്തെ ചാനലുകളും നടത്തിയ സർവേയിലും ഭരണത്തുടർച്ചയെന്നാണ് പ്രവചനം. എന്നാൽ, ഇതിന് വ്യത്യസ്തമായി യുഡിഎഫിന് ആശ്വാസം നൽകുന്ന സർവേഫലവും പുറത്തുവന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് സർവേ ഫലം. കോൺഗ്രസ് ഒറ്റയ്ക്ക് 45 മുതൽ 50 സീറ്റുകൾ വരെ നേടുമെന്നാണ് സർവേയിലെ പ്രവചനം. മുന്നണിക്ക് ഇത്തവണ 73 സീറ്റുകൾ വരെ നേടാനാകുമെന്നാണ് സർവേയിൽ പറയുന്നത്. ഹൈക്കമാൻഡ് ഏൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ടിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുന്നത്. ഭരണത്തുടർച്ചയെന്ന സർവേകൾ ആശങ്ക പകരുന്നതിനിടെയാണ് യുഡിഎഫിന് ആശ്വാസമായുള്ള സർവേയും പുറത്തുവന്നത്. ഹൈക്കമാൻഡ് നടത്തിയ ആദ്യത്തെ രഹസ്യ സർവേയിൽ യുഡിഎഫ് പിന്നിലായിരുന്നു. രണ്ടാം ഘട്ട സർവേയിലാണ് മുന്നണി കളം പിടിച്ചെന്ന് വ്യക്തമാക്കുന്നത്.

പി.എസ്.സി നിയമന വിവാദവും മത്സ്യബന്ധന വിവാദവും യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാൽ കേരളത്തിൽ ഭരണം പിടിക്കാൻ എളുപ്പമാകുമെന്നും സർവേയിൽ പറയുന്നു. ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സർവേയും പൂർത്തിയായിട്ടുണ്ട്. ഈ റിപ്പോർട്ടും ഹൈക്കമാൻഡിന് കൈമാറിയേക്കും. ഇതിന് ശേഷമായിരിക്കും യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുക.

അതേസമയം കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുന്നുണ്ട്. ചടയമംഗലം സീറ്റ് ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ജോസഫുമായുള്ള സീറ്റു വിഭജന ചർച്ചകളും പൂർത്തിയാക്കിയിട്ടില്ല. ഇതെല്ലാം പ്രശ്‌നങ്ങളായി നിലനിൽക്കുകയാണ്. യുഡിഎഫിൽ ഇക്കുറിയും പ്രമുഖർ മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചനയും. സുധീരനും മുല്ലപ്പള്ളിയും പി ജെ കുര്യനുമൊന്നും മത്സരിക്കാനില്ലെന്ന നിലപാടിലാണ്.

അതേസമയം സംസ്ഥാനത്ത് എൽഡിഎഫ് ഭരണ തുടർച്ച നേടുമെന്ന് എബിപി സീ വോട്ടർ സർവ്വേ പ്രവചനം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഏറ്റവും കുറഞ്ഞത് 83 സീറ്റുകൾ നേടുമെന്നും 91 നിയോജക മണ്ഡലങ്ങളിൽ വരെ ജയിക്കുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. 140 അംഗങ്ങളുള്ള നിയമസഭയിൽ യുഡിഎഫിന് കേവല ഭൂരിപക്ഷമായ 71 ന് അടുത്ത് എത്താനാകില്ല. ഏറ്റവും കുറഞ്ഞത് 47 സീറ്റുകളിൽ മാത്രമേ യുഡിഎഫ് വിജയിക്കൂ എന്നും പരമാവധി 55 സീറ്റുകൾ വരെ നേടുമെന്നും എബിപി സർവ്വേ വ്യക്തമാക്കുന്നു. ബിജെപി രണ്ട് സീറ്റിൽ ജയിച്ചേക്കാമെന്നും ചിലപ്പോൾ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും സർവ്വേ പ്രവചിക്കുന്നു.

നേരത്തെ 24 ന്യൂസ് സർവേയും എൽഡിഎഫിനാണ് ഭരണം പ്രവചിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവ് നേട്ടമാകുമെന്ന കരുതിയാൽ കോൺഗ്രസിന് പിഴയ്ക്കുമെന്ന് 24 ന്യൂസ് സർവേ. വടക്കൻ കേരളത്തിൽ അടക്കം മുൻതൂക്കം എൽഡിഎഫിനുണ്ടെന്ന് സർവേ പറയുന്നു. ജനകീയ വിഷയങ്ങളാണ് വരുന്നതെങ്കിൽ എൽഡിഎഫിനെ വീഴ്‌ത്താൻ യുഡിഎഫിനാകില്ലെന്നും സർവേ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനവും പെൻഷൻ പദ്ധതിയും കിഫ്ബിയും അടക്കമുള്ളവ ജനങ്ങൾക്കിടയിൽ വൻ ഹിറ്റായെന്നാണ് സർവേ വ്യക്തമാക്കുന്നത്.

രാഹുൽ ഗാന്ധി വന്നത് യുഡിഎഫിന്റെ സാധ്യതകളിൽ മാറ്റമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. 54 ശതമാനം പേരാണ് രാഹുൽ വന്നാലും യുഡിഎഫ് സാധ്യത മാറില്ലെന്ന് പറഞ്ഞത്. സാധ്യത വർധിച്ചെന്ന് 33 ശതമാനവും കുറഞ്ഞുവെന്ന് 13 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം കേന്ദ്ര ഭരണം ശരാശരിയെന്ന് സർവേയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

സർവേയിൽ എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം 63 മുതൽ 69 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. എൻഡിഎയ്ക്കും മറ്റുള്ളവർക്കും ലഭിച്ചേക്കാവുന്ന സീറ്റുകൾ ഒന്നോ രണ്ടോ മാത്രമാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. 24 കേരള നടത്തുന്ന രണ്ടാമത്തെ പ്രീപോൾ സർവേയാണ് ഇന്ന് പുറത്തുവിട്ടത്. ആദ്യത്തെ സർവേയിലും ഇടതു മുന്നണി ഭരണം നേടുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.