തൃശൂർ: എൻസിപിയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും. എൻസിപി ഒന്നിച്ച് യുഡിഎഫിലേക്ക് വരുന്നതാണ് മുന്നണിക്ക് താത്പര്യമെന്ന് ചെന്നിത്തല പറഞ്ഞു. മാണി സി. കാപ്പനും കൂട്ടരും മാത്രമായി വന്നാലും സ്വീകരിക്കും. മുന്നണി പ്രവേശന വിഷയത്തിൽ എൻസിപിയുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നേരത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കാപ്പനെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. കാപ്പൻ വന്നാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്..ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാൽ കൈപ്പത്തി ചിഹ്നം നൽകാൻ സാധിക്കും.സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തും.ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്.സ്ഥാനാർത്ഥി നിർണ്ണയം ഏങ്ങനെയായിരിക്കണമെന്ന പൊതുമാനദണ്ഡം കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. അത് പ്രകാരമാണ് സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത്. ജനസ്വീകാര്യതയാണ് അടിസ്ഥാനഘടകം.മറ്റൊന്നും ബാധകമല്ല.തദ്ദേശതെരഞ്ഞെടുപ്പിലേത് പോലെ അനവധാനതയോടുള്ള സ്ഥാനാർത്ഥി നിർണ്ണയം ആയിരിക്കില്ല നിയമസഭയിലേത്.തെരഞ്ഞെടുപ്പിൽ യുവാക്കൾ-മഹിളകൾ-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും അർഹമായ പ്രാതിനിധ്യം നൽകും. എന്നും യുവജനങ്ങൾക്ക് അർഹമായ പരിഗണന കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത്.യുവാക്കൾ ക്ഷുഭിതരാണ്.അനർഹരെ പിൻവാതിൽ വഴി നിയമിക്കുന്നു.തലസ്ഥാന നഗരിയിൽ പിഎസ്സ്സി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം ഇരമ്പുമ്പോഴും മനുഷ്യത്വം തെല്ലുമില്ലാത്ത മുഖ്യമന്ത്രി സ്ഥിരനിയമനം നടത്തി.ഈ സർക്കാർ നടത്തിയ എല്ലാ അനർഹമായ നിയമനങ്ങളും യുഡിഎഫ് സർക്കാർ റദ്ദാക്കും.പിഎസ്സ്സി റാങ്ക് ഹോൾഡേഴ്സിനെ കലാപകാരികളായി ചിത്രീകരിക്കുന്ന ഇന്റെലിജെൻസ് റിപ്പോർട്ട് അസംബന്ധമാണ്. ഇത്തരം ഒരു റിപ്പോർട്ട് ഉണ്ടാക്കിയ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണം. പരാജയപ്പെട്ട ഇന്റെലിജെൻസ് സംവിധാനമാണ് കേരളത്തിലുള്ളത്. ഗ്യാരേജിൽ നിന്നും കെഎസ്ആർടിസി ബസ്സ് മോഷണം പോയിട്ടു പോലും സർക്കാരും പൊലീസും അറിഞ്ഞില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു