അയോധ്യ: ബോളിവുഡ് താരം കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള തർക്കത്തിൽ കങ്കണയെ പിന്തുണച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിച്ചും അയോധ്യയിലെ സന്ന്യാസിമാർ. വിശ്വഹിന്ദു പരിഷത്തും കങ്കണയെ പിന്തുണച്ച് രം​ഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇനി അയോധ്യയിൽ സ്വീകരണം നൽകില്ലെന്ന നിലപാടിലാണ് പുരോഹിതർ. ഉദ്ധവ് താക്കറെ ഇനി അയോധ്യയിലേക്ക് വരരുതെന്ന് അയോധ്യ സന്ദ് സമാജ് തലവൻ മഹന്ത് കനയ്യ ദാസ് മുന്നറിയിപ്പ് നൽകി. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കാനാണ് മഹാരാഷ്ട്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശിവസേന എന്തിനാണ് കങ്കണയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അത് രഹസ്യമല്ല. ബാലാ സാഹെബ് താക്കറെ നേതൃത്വം നൽകിയ ശിവസേനയല്ല ഇന്നത്തെ ശിവസേനയെന്നും കനയ്യ ദാസ് കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഇനി അയോധ്യയിൽ വന്നാൽ അദ്ദേഹത്തിന് ഇവിടുത്തെ ഋഷിമാരുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെ പുരോഹിതൻ മഹന്ത് രാജു ദാസ് പറഞ്ഞു. പാലി ഹിൽസിലെ കങ്കണയുടെ ഓഫീസ് കെട്ടിടം തകർത്ത ബി.എം.സിയുടെ നടപടിയെ അദ്ദേഹം ചോദ്യംചെയ്തു. നടിക്കെതിരെ ഒരു നിമിഷം പോലും വൈകാതെ നടപടി സ്വീകരിച്ച മഹാരാഷ്ട്ര സർക്കാർ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശസ്‌നേഹികളെ പിന്തുണയ്ക്കുന്നതിന്റെ പേരിലും മുംബൈയിലെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിലുമാണ് കങ്കണയ്‌ക്കെതിരെ ബോധപൂർവമായ നീക്കങ്ങൾ നടത്തുന്നതെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശർമ ആരോപിച്ചു.

2018 നവംബർ 24-നും ജൂൺ 16-നും ഉദ്ധവ് താക്കറെ അയോധ്യ സന്ദർശനം നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ഈ വർഷം മാർച്ചിലും അദ്ദേഹം അയോധ്യയിൽ എത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ നൂറു ദിവസം പിന്നിട്ടതിന്റെ ഭാഗമായി മാർച്ചിൽ ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിച്ചിരുന്നു. ക്ഷേത്ര നിർമ്മാണത്തിനായി ഒരു കോടി രൂപ നൽകുമെന്ന് അവിടെവെച്ച് ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചെങ്കിലും ഹിന്ദുത്വയോട് തങ്ങളെന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും താക്കറേ വ്യക്തമാക്കി. എന്നാൽ, ഇനി എത്തിയാൽ അദ്ദേഹത്തിന് പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

അതിനിടെ, കങ്കണ റണാവത്തിന്റെ ഓഫീസ് തകർത്തതിൽ ശിവസേനയെ വിമർശിച്ച് ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് രം​ഗത്തെത്തി. കങ്കണയുടെ ഓഫീസ് തകർക്കാൻ ഉത്തരവ് നൽകിയ ശിവസേന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ നഗരത്തിലുള്ള വസതി തൊട്ടില്ലെന്ന് ഫഡ്‌നാവിസ് ആരോപിച്ചു. 'കങ്കണയുമായുള്ള പ്രശ്‌നം നിങ്ങൾ ഊതിപ്പെരുപ്പിച്ചു. അവരൊരു രാഷ്ട്രീയ നേതാവല്ല. നിങ്ങൾ ദാവൂദിന്റെ വസതി തകർക്കാനായി പോകുന്നില്ല. എന്നാൽ കങ്കണയുടെ വസതി തകർത്തു.' ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണിൽ നിന്ന് ശിവസേനയെ വെല്ലുവിളിക്കാൻ കങ്കണ റണാവത്തിനോളം ധൈര്യം കാട്ടിയ മറ്റൊരു സ്ത്രീയോ പുരുഷനോ ഇല്ലെന്ന തിരിച്ചറിവിൽ കങ്കണയെ പിന്തുണയ്ക്കുകയാണ് ബിജെപി. അതുകൊണ്ട് തന്നെയാണ് മറാത്താ വാദത്തിന്റെ അടിവേരറുക്കാൻ കങ്കണയെ കൂട്ടുകിട്ടുമെങ്കിൽ അത് നല്ലതാണ് എന്ന് ബിജെപി കരുതുന്നത്. കഴിഞ്ഞ ദിവസം കങ്കണ റണാവത്തുമായി കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ അവരുടെ മുംബൈയിലെ വസതിയിൽ എത്തി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് തീരുമാനിച്ചാൽ ബിജെപിയോ ആർപിഐയോ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിൽ ചേരാൻ തനിക്ക് താൽപ്പര്യമില്ലെന്ന് കങ്കണ പറഞ്ഞതായാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അത്തവാലെ പറഞ്ഞത്. സിനിമയിൽ നിൽക്കുന്നിടത്തോളം കാലം രാഷ്ട്രീയത്തിൽ ചേരാൻ താത്പര്യമില്ല എന്നാണ് കങ്കണ പറഞ്ഞത്.

അതേസമയം, കങ്കണ മഹാരാഷ്ട്രയിൽ ശിവസേനക്കെതിരെ പൊരുതാൻ പറ്റിയ യോദ്ധാവാണ് എന്ന കണക്കുകൂട്ടലിലാണ് ബിജെപി. സംസ്ഥാനത്തെ ഭരണകക്ഷിയായ ശിവസേനയുടെ ഭീഷണിയെ തുടർന്ന് വൈ പ്ലസ് സുരക്ഷയാണ് കേന്ദ്രം കങ്കണക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യുടെ പ്രസിഡൻറ് അത്തവാലെ, കങ്കണയും ശിവസേനയും തമ്മിലുള്ള തർക്കത്തിൽ നടിയെ ശക്തമായാണ് പിന്തുണക്കുന്നത്. നഗരത്തെ പാക്കിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തുമ്പോൾ മുംബൈയിൽ കാലുകുത്തരുതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കങ്കണയോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് തന്റെ പാർട്ടി പ്രവർത്തകർ കങ്കണയ്ക്ക് സംരക്ഷണം നൽകുമെന്ന് അതവാലെ പ്രഖ്യാപിച്ചിരുന്നു.