മംഗ്‌ളുരു: ഉഡുപ്പി ടൗണിലെ ഗവ. പ്രി - യൂനിവേഴ്‌സിറ്റി വനിത കോളജിലെ (പിയു) ശിരോവസ്ത്രം വിവാദം തുടരുന്ന. മത വിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിക്കണമെന്ന് ചില വിദ്യാർത്ഥികളും അനുമതി നൽകില്ല എന്ന് പ്രിൻസിപ്പലും ഉറച്ച നിലപാട് രണ്ടാഴ്ചയായി തുടരുകയാണ്. ക്ലാസിൽ കയറാൻ അനുവാദം ഇല്ലാത്തതിനെ തുടർന്ന് ക്ലാസ് മുറികൾക്ക് പുറത്തിരുന്ന് പഠിക്കുകയാണ് എട്ട് വിദ്യാർത്ഥിനികൾ. ബികോം രണ്ടാം വർഷം - മൂന്ന്, ഒന്നാം വർഷം - ഒന്ന്, സയൻസ് രണ്ടാം വർഷം - മൂന്ന്, ഒന്നാം വർഷം-ഒന്ന് എന്നിങ്ങനെ വിദ്യാർത്ഥിനികൾക്കാണ് ക്ലാസിൽ കയറാൻ കഴിയാത്തത്.

എന്നാൽ 60 മുസ്ലിം വിദ്യാർത്ഥിനികൾ പഠിക്കുന്ന കോളജിൽ എട്ടുപേർ മാത്രമാണ് ഇത്തരത്തിൽ വേഷം ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്ന് പ്രിൻസിപ്പൽ പറയുന്നു. ഈ കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതാണെന്നും എന്നാൽ ചില ബാഹ്യശക്തികളാണ് പ്രശ്‌നം വഷളാകുന്നതെന്നും പ്രിൻസിപ്പൽ പറയുന്നു. എന്നാൽ അങ്ങനെ അല്ലെന്നും ഒരു തീരുമാനം എടുത്ത് അഴിച്ചു വെപ്പിക്കാവുന്നതല്ല മുതിർന്ന വിഭാഗത്തിൽ പെട്ട തങ്ങളുടെ വേഷം എന്ന് വിദ്യാർത്ഥിനികൾ പറയുന്നു .

രണ്ടാം വർഷ വിദ്യാർത്ഥിനി ആലിയ പറയുന്നത് ഇങ്ങനെ

സഹപാഠികളുടെ നോട്‌സ് വാങ്ങിയാണ് തങ്ങൾ ഇവിടെ പഠിക്കുന്നത് - 'ഞങ്ങൾക്ക് ഹാജർ നഷ്ടമാവുന്നുണ്ട്. ക്ലാസ് മുറികളിൽ നിന്ന് പുറന്തള്ളപ്പെട്ട് മനുഷ്യത്വരഹിത പെരുമാറ്റം നേരിടുമ്പോൾ അനുഭവിക്കുന്ന വേദന വളരെ വലുതാണ്'

ഉർദു, അറബിക്, ബ്യാരി ഭാഷകൾ സംസാരിക്കുന്നതിനും ഈ ഗവ. കോളജിൽ അധികൃതരുടെ വിലക്കുണ്ടെന്ന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി ഐ ഒ), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ) എന്നീ സംഘടനകൾ പറയുന്നു. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടന്നും ഇവർ പറഞ്ഞു.

കോളജ് അധികൃതർ നിലപാട് തിരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസിന്റെ വിവിധ ഘടകങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ മണ്ഡലം എംഎൽഎയും ബിജെപി നേതാവുമായ രഘുപതി ഭട്ട് പ്രിൻസിപ്പലിന് പൂർണ പിന്തുണ നൽകിയും രംഗത്തുണ്ട്.

അതേസമയം മംഗളൂരുവിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളുടെ ഒരു സംഘം ജനുവരി 6 വ്യാഴാഴ്ച കോളേജിനുള്ളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതിഷേധിച്ച് കോളേജ് പരിസരത്ത് കാവി സ്‌കാർഫ് ധരിച്ച് പ്രതിഷേധിച്ചിരുന്നു . തുടർന്ന് ഇരു മത നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് കോളേജ് യൂണിഫോം പിന്തുടരാൻ തീരുമാനമായിരുന്നു . എന്നാൽ ശിരോവസ്ത്രം വിവാദം ഉയർന്നതോടെ വീണ്ടും കാവി ധരിക്കാനുള്ള തയ്യാറെടുപ്പിലാണ് എബിവിപി.