ബെയ്ജിങ്ങ്: കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. ഇവർ മതം ഉപേക്ഷിച്ച് ദേശീയവാദികൾ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂർ മുസ്ലീങ്ങളെ തടവറകളിൽ അടച്ചിരിക്കയാണ് ചൈന. എന്നാൽ ഇത് തടവറയല്ല, രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. ഇവരുടെ യാതനകൾ പലപ്പോഴും അന്തർദ്ദേശീയ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, 2022 ൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദിയെ ഉയിഗൂർ മുസ്ലീങ്ങളുടെ യാതനകൾ തുറന്നുകാട്ടാൻ ഉപയോ​ഗപ്പെടുത്താനാകുമോ എന്ന പരിശ്രമത്തിലാണ് മനുഷ്യാവകാശ സംഘടനകൾ.

ബെയ്ജിങ്ങ് വിന്റർ ഒളിമ്പിക്സ് സ്പോൺസർ ചെയ്യുന്ന സ്വകാര്യ കമ്പനികളിലൂടെ ചൈനീസ് സർക്കാരിനെ സ്വാധീനിക്കാനാണ് ഉയി​ഗൂർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ലക്ഷ്യമിടുന്നത്. ഉയി​​ഗൂർ മുസ്‌ലിങ്ങൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും അറിയിക്കാനും തങ്ങളുടെ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കണമെന്ന് ആവശ്യപ്പെട്ട് ബെയ്ജിങ്ങ് ഒളിമ്പിക്സ് സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് കത്തയച്ച് സർക്കാരിനെ സ്വാധീനിക്കാനാണ് ഉയി​ഗൂർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ശ്രമിക്കുന്നത്.

പത്ത് വ്യത്യസ്ത രാജ്യങ്ങളിൽ ഉയി​ഗൂർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ക്യാമ്പയിനിന് തുടക്കമിടുന്നത്. എയർബിഎൻബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൺ ചെസ്കിക്കാണ് ആദ്യം കത്തയക്കാൻ ഉദ്ദേശിക്കുന്നത്. വിന്റർ ഒളിമ്പിക്സിനെ വംശഹത്യ ​ഗെയിംസ് എന്നാണ് ക്യാമ്പയിൻ ​ഗ്രൂപ്പ് അം​ഗങ്ങൾ വിളിക്കുന്നത്. എയർബിഎൻബിയോട് സ്പോൺസർഷിപ്പ് പിൻവലിക്കാനാണ് ക്യാമ്പയിൻ ​ഗ്രൂപ്പ് അം​ഗങ്ങൾ ആദ്യഘട്ടത്തിൽ ആവശ്യപ്പെടുക. തങ്ങളുടെ നിലപാടുകൾ പുനർവിചിന്തനം നടത്താൻ ചൈനയെ പ്രേരിപ്പിക്കാനാണ് ക്യാമ്പയിനിന് നേതൃത്വം നൽകുന്നവർ ഉദ്ദേശിക്കുന്നത്.

ഒളിമ്പിക്സിന് നിരവധി രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നതിനാൽ കുറേക്കൂടി ശക്തമായ രീതിയിൽ ക്യാമ്പയിൻ നടത്താൻ സാധിക്കും എന്നാണ് സംഘാടകർ കരുതുന്നത്. കമ്പനി തങ്ങളുടെ ധാർമ്മികമായ മൂല്യങ്ങൾ വെച്ച് സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറുകയോ അല്ലാത്ത പക്ഷം വിന്റർ ഒളിമ്പിക് വേദി ബോധവത്കരണത്തിനായി ഉപയോ​ഗപ്പെടുത്തുമെന്നോ വിശ്വസിക്കുന്നതായി ക്യാമ്പയിനിന് നേതൃത്വം നൽകുന്ന രഹീമ പറഞ്ഞു.

പുരുഷന്മാർ ജയിലിലായ ഉയിഗുർ വീടുകളിലേക്ക് ഇപ്പോൾ 'ബന്ധു സഖാക്കൾ' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളിൽ എത്തുന്ന ഈ അതിഥികൾ ഉയിഗൂരികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോർട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങൾ പഠിപ്പിക്കും. അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് ബന്ധു സഖാക്കൾക്ക് നിർദ്ദേശം കിട്ടിയത്. '

ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ പ്രേരിപ്പിക്കണം, താടിയില്ലാത്തയാൾ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവർക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ. എന്നാൽ ഉയിഗൂരികളാകട്ടെ ഇതിൽ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.

നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്ലീങ്ങളെ അവർ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ രീതിയിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര - വ്യവസായ ബന്ധങ്ങൾ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകൾ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവർക്കുവേണ്ടി നിലകൊണ്ടിട്ടില്ല.

ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവൺമെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷൻ സെന്ററുകളിൽ പാർപ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നൽകലും ഒക്കെ ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്. ഇപ്പോൾ, വന്നിരിക്കുന്ന വാർത്ത മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ഇങ്ങനെ തടങ്കലിൽ പാർപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന ഗവൺമെന്റ് ചാരൻ/ കേഡറുകളെ സംബന്ധിച്ചാണത്.

2017 -ന്റെ അവസാനം മുതൽ, ഉയിഗൂരിലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സർക്കാർ ഉയിഗുറുകൾക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രിൽ മുതൽ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉൾക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തിൽ (അധികൃതരുടെ ഭാഷയിൽ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉൾക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുർ വംശജരെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ പണിയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.

ഇങ്ങനെ പുരുഷന്മാർ തടങ്കലിലായിരിക്കുന്ന പല വീടുകളിലും ബന്ധു സഖാവ് എന്ന പേര് നൽകിയിരിക്കുന്ന ഒരു സർക്കാർ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളിൽ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈരണ്ടു മാസത്തിൽ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവർ താമസിക്കും. ഇതുസംബന്ധിച്ച് ബിബിസി ഒരു കേഡറെ കണ്ട് രഹസ്യമായി എടുത്ത ഇന്റവ്യുവിൽ ഇങ്ങനെയാണ് പറയുന്നത്. 'ഈ ബന്ധുക്കൾ എല്ലാ രണ്ട് മാസം കൂടുമ്പോഴും ഈ വീടുകളിലെത്തും. ജോഡികളെന്ന് പറഞ്ഞിരിക്കുന്നവരുമായി ഒരുമിച്ച് കഴിയും. പകൽ മാത്രമല്ല, രാത്രികളിലും അവർക്കൊപ്പം തന്നെയാണ് കഴിയേണ്ടത്. കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. ജീവിതത്തെ കുറിച്ച് സംസാരിക്കും. ആ സമത്താണ് നമുക്കിടയിലൊരു ബന്ധം രൂപപ്പെട്ടുവരുന്നത്. ഒരുമിച്ച് വീട്ടിലെ കാര്യങ്ങൾ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയിൽ ഈ വീട്ടിലെ സ്ത്രീകൾക്കൊപ്പം ഒരേ കിടക്കയിൽ തന്നെയാണ് ഉറങ്ങുന്നതും. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളിൽ... സാധാരണ ഒന്നോ രണ്ടോ പേരോ ആണ് ഒരു ബെഡ്ഡിൽ കിടക്കുന്നതെങ്കിൽ മഞ്ഞുകാലമെത്തിയാൽ മൂന്നോ അതിലധികമോ പേരൊക്കെ ഒരു ബെഡ്ഡിൽ കിടക്കും'- പേരുവെളിപ്പെടുത്താത്ത ആ കേഡർ പറയുന്നു.