ലഖ്‌നോ: കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്ഭരണ റാങ്കിങ്ങിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗോവ എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ റാങ്കിങ് പുറത്ത് വിട്ടത്. 2019-21 കാലയളവിൽ 8.9 ശതമാനം വളർച്ചയോടെ യു.പി നേട്ടമുണ്ടാക്കിയെന്നും അമിത് ഷാ പറഞ്ഞു.

സദ്ഭരണത്തിൽ നേട്ടമുണ്ടാക്കിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത് അടുത്തു തന്നെ തെരഞ്ഞെടുപ്പു നടക്കുന്ന ഗോവയും ഉത്തർപ്രദേശും ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഗുജറാത്തിലും തെരഞ്ഞെടുപ്പിന് അധികം സമയമില്ല. അതേസമയം ജമ്മുകശ്മീർ 3.7 ശതമാനം നേട്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളുടെ ലിസ്റ്റിലായാണ് ജമ്മു കാശ്മീർ നേട്ടമുണ്ടാക്കിയതും.

കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഹ്യുമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ്, പബ്ലിക് ഹെൽത്ത്, പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആൻഡ് യൂട്ടിലിറ്റി, ഇക്കണോമിക് ഗവേൺസ്, സോഷ്യൽ വെൽഫയർ, ജുഡീഷ്യൽ& പബ്ലിക് സെക്യൂരിറ്റി, എൻവയോൺമെന്റ്, സിറ്റസൺ സെൻട്രിക് ഗവേണൻസ് എന്നിവയെല്ലാം പരിഗണിച്ചാണ് സദ്ഭരണ റാങ്കിങ് നൽകുന്നത്.

സംസ്ഥാനങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് റാങ്കിങ് നൽകുക. കാറ്റഗറി എ, ബി, എന്നിവക്ക് പുറമേ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കും മലയോര സംസ്ഥാനങ്ങൾക്കും പ്രത്യേക കാറ്റഗറി നൽകും. കേന്ദ്രഭരണ പ്രദേശങ്ങൾക്കായും പ്രത്യേക വിഭാഗമുണ്ടാവും. കേന്ദ്രഭരണ പ്രദേശങ്ങളുടെ കാറ്റഗറിയിൽ ഡൽഹിയാണ് ഒന്നാമതെത്തിയത്. പൊതുജനാരോഗ്യം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിൽ കേരളം ഒന്നാമതെത്തി.