ലണ്ടൻ: കോവിഡിനെ നേരിട്ട് മുന്നോട്ട് പോകുമ്പോൾ തന്നെ,ബ്രെക്സിറ്റ്ന്റെ അനന്തരഫലങ്ങളെ നേരിടുവാനും ബ്രിട്ടൻ തയ്യാറായിക്കഴിഞ്ഞു. കാനഡയുമായി പുതിയതായി ഒപ്പുവച്ച വ്യാപാരക്കരാർ ബ്രിട്ടന് വലിയൊരു അനുഗ്രഹമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന നിരക്കിലുള്ള ടാരിഫുകൾ വരുമെന്ന് ഭയക്കുന്ന ഇടപാടുകളിൽ, അടുത്തവർഷം ആദ്യം മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഈ കരാർ അനുസരിച്ച്, ബ്രെക്സിറ്റ് കാലാവധി തീരുന്നതോടെ, ബ്രിട്ടനും കാനഡയും തമ്മിൽ, യൂറോപ്യൻ യൂണിയൻ മാതൃകയിലുള്ള വ്യാപാരബന്ധം ആരംഭിക്കും. കരാറുകളില്ലാതെ ലോക രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരങ്ങൾക്ക് നിരവധി തടസങ്ങൾ ഉണ്ടായേക്കാം. ഉയർന്ന നികുതി നിരക്ക്, കൂടിയ അളവിലുള്ള പേപ്പർ വർക്ക് തുടങ്ങിയ പ്രതിബന്ധങ്ങൾ ഇല്ലാതെയാക്കാൻ ഈ പുതിയ കരാറിന് കഴിയും. അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ഒരു ശക്തമായ വ്യാപാരബന്ധം കെട്ടിപ്പടുക്കാൻ ഈ കരാർ ബ്രിട്ടനെ സഹായിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

നിലവിൽ ഇലക്ട്രിക് കാറുകൾ മുതൽ ഉയർന്ന ഗുണമേന്മയുള്ള വൈൻ വരെ ബ്രിട്ടനിൽ നിന്നും കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കരാർ നിലവിൽ വരുന്നതോടെ ഈ വ്യാപാരബന്ധം കൂടുതൽ സുദൃഢമാകും. ഈ പുതിയ കരാറിനെ പൂർണ്ണമായും സ്വാഗതം ചെയ്ത ബ്രിട്ടീഷ് ചേംബർ ഓഫ് കോമേഴ്സ് പക്ഷെ മറ്റു പ്രധാന വിപണികളായ ടർക്കി, സിംഗപ്പൂർ തുടങ്ങിയവയുമായും ഇത്തരത്തിലുള്ള കരാറുകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ജപ്പാനുമായി ഇത്തരത്തിലുള്ള ഒരു കരാറിൽ ബ്രിട്ടൻ ഏർപ്പെട്ടിരുന്നു.

സ്വതന്ത്ര വ്യാപാരം സാമ്പത്തിക വളർച്ചക്ക് അത്യന്താപേക്ഷിതമായ ഒന്നാണെന്ന്, ഈ കരാറിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. പ്രത്യേകിച്ച്, കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്ന അവസരത്തിൽ, സ്വതന്ത്ര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള കരാറുകൾ ആവശ്യമാണ്. ഡിജിറ്റൽ ട്രേഡ്, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണം കൊണ്ടുവരാനുള്ള നടപടികൾക്കായി ചർച്ചകൾ തുടരുമെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

ഇതുവരെ ബ്രിട്ടീഷ് വ്യവസായങ്ങൾക്ക് പ്രാപ്യമായിരുന്ന ഒരു വലിയ വിപണി ബ്രെക്സിറ്റ് നിലവിൽ വരുന്നതോടെ ഇല്ലാതെയാകുമെന്ന ഭയം ഉണ്ടായിരുന്നതായി ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സ് ചെയർമാൻ മൈക്ക് ചെറി പറഞ്ഞു. എന്നാൽ, ഈ പുതിയ കരാർ പുതിയ സാധ്യതകൾ തുറക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് വ്യവസായത്തിന് ഇത് നല്ലൊരു വാർത്തയാണെന്നായിരുന്നു കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ജോഷ് ഹാർഡിയുടെ പ്രതികരണം. ഏകദേശം 20 ബില്ല്യൺ പൗണ്ടിന്റെ വ്യാപാരവും ആയിരക്കണക്കിന് തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതാണ് പുതിയ കരാർ എന്ന് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സും പറഞ്ഞു.