ലണ്ടൻ: ഒരുപക്ഷെ 2020-ൽ മനുഷ്യരെ ഏറ്റവും അധികം സന്തോഷിപ്പിച്ച വാർത്ത കോവിഡിനുള്ള വാക്സിൻ കണ്ടുപിടിച്ചു എന്ന വാർത്തയാകാം. മരണഭീതിയിലുഴറുന്ന മനുഷ്യകുലത്തിന് പ്രത്യാശയുടെ ഇത്തിരിവെട്ടം പകര്ന്നു നൽകിയത് ആ വാർത്തയായിരുന്നു. എന്നാൽ, അത് വെറുമൊരു പാഴ്സ്വപ്നമായി മാറുകയാണ് ബ്രിട്ടനിലെ ഏറിയപങ്കും വൃദ്ധർക്ക്. വാക്സിൻ ലഭിക്കാൻ ഉണ്ടായ കാലതാമസം ബ്രിട്ടനിലെ കെയർഹോമുകളിലെ കോവിഡ് മരണനിരക്ക് രണ്ടാഴ്‌ച്ചകൊണ്ട് ഉയർത്തിയത് ഇരട്ടിയായിട്ടാണെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സി (ഒ എൻ എസ്) ന്റെ കണക്കുകൾ പ്രകാരം ജനുവരി 15 ന് അവസാനിച്ച വാരത്തിൽ വിവിധ കെയർഹോമുകളിലായി 1,260 അന്തേവാസികളാണ് മരണമടഞ്ഞത്. രണ്ടാഴ്‌ച്ച മുൻപ് ഇത് 661 മാത്രമായിരുന്നു. നിലവിൽ ബ്രിട്ടനിൽ കോവിഡ് മൂലം മരണമടയുന്നവരിൽ 40 ശതമാനത്തോളം പേർ വിവിധ കെയർഹോമുകളിലെ അന്തേവാസികളാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസംബർ അവസാനത്തിൽ ഇത് കേവലം 20 ശതമാനത്തിൽ താഴെ മാത്രമായിരുന്നു.

വാക്സിൻ നൽകേണ്ടവരുടെ മുൻഗണനാ ലിസ്റ്റിൽ ഏറ്റവും ആദ്യം ഉണ്ടായിരുന്നത് കെയർഹോമുകളിലെ അന്തേവാസികളുടെ പേരുകളായിരുന്നു. ഇതുവരെയും പക്ഷെ, പകുതിയോളം പേർക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം. സമയത്ത് വാക്സിൻ എത്തിക്കാൻ സാധിക്കാത്തതിന് കെയർഹോം അന്തേവാസികളുടെ കുടുംബങ്ങൾ സർക്കാരിനു നേരെ കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

വാക്സിനേഷൻ പദ്ധതി ആരംഭിച്ചിട്ട് ആറ് ആഴ്‌ച്ചകൾ പിന്നിടുമ്പോഴും മുൻഗണന ലിസ്റ്റിൽ ഉണ്ടായിരുന്ന 80 വയസ്സിലധികം പ്രായമുള്ള കെയർഹോം അന്തേവാസികളിൽ പകുതി പേർക്ക് മാത്രമാണ് വാക്സിൻ നൽകിയിട്ടുള്ളത്. എന്നിട്ടും, ഇപ്പോൾ 70 വയസ്സിനു മുകളിൽ ഉള്ളവർക്കു കൂടി വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. കോവിഡ് നെഗറ്റീവ് ആയ രോഗികളെ തിരിച്ച് കെയർഹോമുകളിലേക്ക് അയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് കെയർഹോമുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനു വേണ്ടിയാണ് കോവിഡ് സുരക്ഷ ഒഴിവാക്കിയ കെയർഹോമുകളിലേക് രോഗം ഭേദമായവരെ തിരിച്ചയയ്ക്കുന്ന പദ്ധതിആരംഭിച്ചത്. ഇവരുറെ ലക്ഷണങ്ങൾ പൂർണ്ണമായും സുഖപ്പെട്ടിട്ടുണ്ടാകാമെങ്കിലും വൈറസ് ശരീരത്തിനകത്തു തന്നെ ഉണ്ടാകാം. അതുകൊണ്ടാണ് തുടർ ചികിത്സ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള പ്രത്യേക കെയർഹോമുകളിലേക്ക് ഇവരെ മാറ്റാൻ തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനം എടുകുമ്പോൾ, ഓരോ ലോക്കൽ അഥോറിറ്റിയിലും ഇത്തരത്തിലുള്ള ഒരു പ്രത്യേക കെയർഹോം വീതം ഉണ്ടാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മൂന്നിലൊന്ന് ലോക്കൽ അഥോറിറ്റികളിൽ പോലും ഇത്തരത്തിലുള്ള പ്രത്യേക കെയർഹോമുകൾ ഇല്ലെന്നതാണ് വാസ്തവം.