ലണ്ടൻ: അഹന്തയും ആവേശവും തത്ക്കാലത്തേക്ക് മാറ്റിവച്ച് വീടുകളിൽ ഒതുങ്ങിക്കൂടാം. കൊറോണയോട് ഏറ്റുമുട്ടി വിജയം കൈവരിക്കുക ഇപ്പോൾ അസാദ്ധ്യമാണ്. നിയന്ത്രണങ്ങളെ വെല്ലുവിളിക്കാതെ, അവയെല്ലാം അക്ഷരംപ്രതി അനുസരിച്ച് ജീവിക്കുക. ജീവനോടെ ഉണ്ടെങ്കിൽ മാത്രമേ നാളെയെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. ബ്രിട്ടന്റെ അവസ്ഥ ഓരോ ദിവസം കഴിയുംതോറും വഷളായി വരികയാണ്. രോഗവ്യാപന തോതും മരണനിരക്കും കുതിച്ചുയരുന്നാതോടെ ജനങ്ങളോട് വീട്ടിലിരിക്കാൻ അപേക്ഷിച്ച് ബോറിസ് ജോൺസൺ രംഗത്തെത്തി.

ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് ബ്രിട്ടനിലാകെ താണ്ഡവം തുടരുകയാണ്. മുൻഗാമികളേക്കാൾ 70 ശതമാനത്തോളം അധികം വ്യാപന ശേഷി ഉണ്ടന്ന് കരുതപ്പെടുന്ന ഈ വൈറസിനെ തടയുവാൻ നിലവിൽ വീടുകളിൽ ഒതുങ്ങിക്കൂടുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ''നിങ്ങൾ പുറത്തുപോവുകയാണെങ്കിൽ, നിങ്ങൾക്ക് ഇതിനെ പടർത്താം. മറ്റുള്ളവരായിരിക്കും മരണമടയുക'' എന്ന സർക്കാർ പോസ്റ്റിൽ ഇക്കാര്യം സശയത്തിനിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്.

ഈ ആഴ്‌ച്ച ആരംഭത്തിൽ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടും വ്യാപനതോത് വർദ്ധിച്ചുവരികയാണെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. ഇന്നലെ ബ്രിട്ടനിൽ 1,325 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ, കോവിഡിന്റെ ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ 1,224 ആയിരുന്നു എന്ന് ഓർക്കുമ്പോഴാണ് ഇന്ന് ബ്രിട്ടൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാകുക.

ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെ നേതൃത്വത്തിൽ വലിയതോതിലുള്ള പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. വാക്സിനുകൾ ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷ നൽകുന്നു. എന്നാൽ ഇന്ന്, നിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുക എന്നാണ് ഒരു പരസ്യത്തിൽ അദ്ദേഹം പറയുന്നത്. കോവിഡ് വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ ഏറ്റവുമധികം വിശ്വാസ്യത ജനിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള വിറ്റി പറയുന്നതുകൊറോണയുടെ വ്യാപനം പലരേയും ഗുരുതരമായ രോഗങ്ങളുടെ ഭീഷണിയിലാക്കുമെന്നും അത് എൻ എച്ച് എസിനു മേൽ കടുത്ത സമ്മർദ്ദം ഉയർത്തും എന്നുമാണ്.

അതേസമയം, ബ്രിട്ടീഷുകാർ ഇനിയും കൊറോണ ഭീഷണിയുടെ ആഴം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ 18 ശതമാനം പേരാണ് ഭൂഗർഭ റെയിൽ ഉപയോഗിച്ചത്. ഒന്നാം വരവിൽ ലോക്ക്ഡൗൺ നിലനിന്നിരുന്ന ഏപ്രിലിൽ ഇത് 5 ശതമാനം മാത്രമായിരുന്നു. അതുപോലെ ബസ്സുകൾ, അവയുടെ കപ്പാസിറ്റിയുടെ 30 ശതമാനം പേരെയാണ് ഇപ്പോൾ കൊണ്ടുപോകുന്നതെങ്കിൽ, ആദ്യ ലോക്ക്ഡൗൺ കാലത്ത് 18 ശതമാനം യാത്രക്കാർ മത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ പ്രധാന റോഡുകളിലെ ട്രാഫിക് സാധാരണ ഉണ്ടാകാറുള്ളതിന്റെ 76 ശതമാനമായി ചുരുങ്ങി. എന്നാൽ ഏപ്രിലിൽ 30 മുതൽ 40 ശതമാനം വരെ ട്രാഫിക് മാത്രമാണ് ഉണ്ടായിരുന്നത്.

തലസ്ഥാനത്തിനു പുറത്തും വൈറസ് വ്യാപനം ശക്തിപ്രാപിക്കുകയാണ്. ഇംഗ്ലണ്ടിലെ അഞ്ചിൽ ഒരു ആശുപത്രിയിൽ വീതം ആദ്യവരവിൽ ഉണ്ടായതിനേക്കാളേറെ രോഗികൾ എത്തിയിട്ടുണ്ട്. മിക്ക ആശുപത്രികളിലും അവയുടെ കപ്പാസിറ്റി എത്താറായിട്ടുണ്ട്. കാര്യങ്ങൾ ഈ നിലയിൽ പോയാൽ കാൻസർ സർജറി ഉൾപ്പടെയുള്ള പല ചികിത്സകളും നിർത്തിവയ്ക്കേണ്ടതായി വന്നേക്കാം എന്ന ഭയവും ഉയർന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ, അത്തരം രോഗങ്ങൾ മൂലമുള്ള മരണനിരക്കും വർദ്ധിക്കും.

ഇന്നലെ 68,053 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ മരണനിരക്ക് ഉയർന്നേക്കും എന്നതാണ് വർദ്ധിച്ചുവരുന്ന രോഗവ്യാപന തോത് ചൂണ്ടിക്കാണിക്കുന്നതും. ഇപ്പോൾ തുടർച്ചയായ പതിനൊന്നാം ദിവസമാണ് ബ്രിട്ടനിൽ പ്രതിദിനം 50,000 ൽ ഏറെ പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ഇന്നലത്തെ കണക്കനുസരിച്ച്, ഒരാഴ്‌ച്ച കൊണ്ട് 30 ശതമാനമാണ് രോഗവ്യാപനതോതിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആർ നിരക്ക് കാര്യമായി കുറയ്ക്കാനായി. എന്നാൽ ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ആർ നിരക്കിൽ കാര്യമായ കുറവ് വരാത്തത് അധികൃതരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള വൈറസ് തന്നെയാണ് ഇതിന് കാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ചുരുങ്ങിയത് ഒരാഴ്‌ച്ചയെങ്കിലും കഴിഞ്ഞാലെ ലോക്ക്ഡൗണിന്റെ ഫലം അറിയുവാൻ കഴിയു എന്ന അഭിപ്രായവും ഉയരുന്നുണ്ട്.