ലണ്ടൻ: അന്തരീക്ഷോഷ്മാവ് 32 ഡിഗ്രി കടന്നതോടെ ബ്രിട്ടനിലെ ജീവിതം താറുമാറാവുകയാണ്. ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ഓടിയെത്തുന്നവർ തീർക്കുന്ന ഗതാഗതക്കുരുക്കുകൾക്കൊപ്പം വൈദ്യൂതി തടസ്സപ്പെടാൻ ഇടയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരിക്കുന്നു. മാത്രമല്ല, കൂടിയ ചൂട് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാനും ഇടയുണ്ട്. അതേ സമയം രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഴയും ലഭിച്ചു. സസ്സെക്സിന്റെ ചില ഭാഗങ്ങളിൽ 50 മി. മീ വരെ മഴ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, തെക്കൻ ഇംഗ്ലണ്ട്, മദ്ധ്യ ഇംഗ്ലണ്ട് എന്നിവിടങ്ങളിലും വ്യാഴാഴ്‌ച്ച വരെ കനത്ത ചൂടായിരിക്കുമെന്ന മുന്നറിയിപ്പാണ് ഉണ്ടായിട്ടുള്ളത്. മഴയ്ക്കും മഞ്ഞുവീഴ്‌ച്ചയ്ക്കും നൽകുന്ന മുന്നറിയിപ്പിന് സമാനമായ രീതിയിൽ ഉഷ്ണതരംഗത്തിനെതിരെയും മുന്നറിയിപ്പ് നൽകാൻ ആരംഭിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഉഷ്ണതരംഗത്തെ തുടർന്നുള്ള മരണനിരക്ക് അഭൂതപൂർവ്വം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു നടപടി.

കാലാവസ്ഥാ മുന്നറിയിനൊപ്പം ആരോഗ്യകാര്യങ്ങളിൽ മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും രംഗത്തെത്തി. അവശരായവർ, രോഗങ്ങൾ ഉള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഏറെ കരുതലെടുക്കണം എന്നാണ് മുന്നറിയിപ്പ്. ശരീരം ആകാവുന്നിടത്തോളം തണുപ്പിച്ച് സൂക്ഷിക്കണമെന്നും കഴിയുന്നതും നേരിട്ടുള്ള സൂര്യപ്രകാശം ഏല്ക്കാതിരിക്കാൻ ശ്രമിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒപ്പം ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

ശാരീരികമായ അവശതകൾ അനുഭവിക്കുന്നവർ, ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉള്ള്വർ തുടങ്ങിയവർ കൂടുതൽ കരുതലെടുക്കേണ്ടതുണ്ട്. അതുപോലെ കുതിച്ചുയരുന്ന ചൂടിൽ നിന്നും രക്ഷനേടാൻ അധികം പേരും സമുദ്രതീരത്തേക്കും മറ്റു ജലാശയങ്ങളിലേക്കുമായിരിക്കും പോവുക. ഇവിടങ്ങളിൽ അപകടങ്ങൾ ഇല്ലാതെയിരിക്കാൻ അതീവ ശ്രദ്ധ ആവശ്യമാണ്. താപത്തിനോടെ അതീവ സംവേദനക്ഷമതയുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൊടുംചൂടിൽ പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. ഇത് വൈദ്യൂതി തടസ്സത്തിനു കാരണമായേക്കാം.അതുപോലെ റോഡ്,റെയിൽ, വ്യോമയാന ഗതാഗത സംവിധാനങ്ങളിലും ചില തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്.

കുട്ടികൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ കളിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അവർ തണലുള്ള പ്രദേശങ്ങളിലാണ് കളിക്കുന്നതെന്ന് രക്ഷകർത്താക്കൾ ഉറപ്പാക്കണം. തൊപ്പി ധരിക്കണം, കഴിയുന്നതും കൈകൾ വരെ മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ പ്രവർത്തകർ നൽകുന്നു. അതേസമയം, ബീച്ചുകളിലും മറ്റും തടിച്ചുകൂടുന്നവർ പരിസരമലിനീകരണം ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.