ലണ്ടൻ: വേർപിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. ലണ്ടൻ കോടതിയാണ് ശിക്ഷവിധിച്ചത്. ജീവപര്യന്തം തടവുശിക്ഷയാണ് 23കാരനായ ജിഗുകുമാർ സോർത്തിക്ക് കോടതി വിധിച്ചത്. പരോൾ കിട്ടാൻ പോലും 28 വർഷം ശിക്ഷ അനുഭവിക്കണം.

ഭാര്യ ഭാവിനി പ്രവീണിനെ(21)യാണ് ലീസെസ്റ്ററിലെ വീട്ടിലെത്തി ജിഗുകുമാർ കൊലപ്പെടുത്തിയത്. മാർച്ചിലായിരുന്നു സംഭവം. അങ്ങേയറ്റം ക്രൂരവും ഭയാനകവും ദയയില്ലാത്തതുമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്. സുന്ദരിയും കഴിവുള്ളവളുമായ, വെറും 21 വയസ്സ് മാത്രം പ്രായമുള്ളയാളെയാണ് നിങ്ങൾ കൊലപ്പെടുത്തിയതെന്ന് വിധി പറയുന്നതിനിടെ ലീസെസ്റ്റർ ക്രൗൺ കോടതി ജസ്റ്റീസ് തിമേത്തി സ്പെൻസർ ജിഗുകുമാറിനോട് പറഞ്ഞു.

മാർച്ച് രണ്ടിന് ഭാവിനിയുടെ വീട്ടിലെത്തിയ ജിഗുകുമാർ അവരുമായി വഴക്കിട്ട ശേഷമാണ് കൊലപ്പെടുത്തിയത് ഭാവിനിക്ക് നിരവധി തവണ കുത്തേറ്റിരുന്നു. സംഭവത്തിനു ശേഷം ജിഗുകുമാർ നേരിട്ട് സ്പിന്നി ഹിൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

2017ൽ ഇന്ത്യയിൽ വച്ചാണ് ഗുജറാത്ത് സ്വദേശികളായ ജിഗുകുമാറും ഭാവിനിയും വിവാഹിതരായത്്. തുടർന്ന് ഭാവിനിയുടെ സഹായത്താൽ വീസ നേടി ജിഗുകുമാറും ബ്രിട്ടണിലെത്തുകയായിരുന്നു. ഇരുവരും വ്യത്യസ്ത ഇടങ്ങളിലാണ് താമസിച്ചിരുന്നത്. ഹിന്ദു മതാചാരപ്രകാരം വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും ഭാവിനി അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.