ലണ്ടൻ: മഞ്ഞിൽ തണുത്തുവിറച്ച, ചൂടിൽ വെന്തുരുകിയ ബ്രിട്ടനിനി മഴയിൽ നനഞ്ഞുകുതിരാനാണ് വിധി. രാജ്യത്തിന്റെ പലയിടങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുമ്പോഴും വരുന്ന മൂന്നു ദിവസങ്ങൾ കൂടി ശക്തമായ പേമരിയും കറ്റും ഉണ്ടകുമെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. കൊറ്റുങ്കാറ്റും വീശാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും ആംബർ വാർണിങ് നൽകിക്കഴിഞ്ഞു. വെയിൽസിലും വടക്കൻ ഇംഗ്ലണ്ടിലും യെല്ലോ വാർണിങ് നൽകിയപ്പോൾ സ്‌കോട്ട്ലാൻഡിൽ ആംബർ വാർണിങ് ആണ് നിലവിലുള്ളത്.

ഈ വാരം മുഴുവൻ മഴയ്ക്ക് സാധ്യതയുള്ളപ്പോഴും ചെറിയ ഇടവേളകളിൽ തെളിഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ഓഗസ്റ്റ് മാസത്തിന്റെ ആദ്യ പകുതിയിൽ മഴയും വെയിലുംഉള്ള കാലാവസ്ഥയായിരിക്കും. ഓഗസ്റ്റ് രണ്ടാം പകുതിയോടെ ബ്രിട്ടന്റെ കടൽത്തീരങ്ങളീൽ ആഫ്രിക്കയിൽ നിന്നെത്തുന്ന ഉഷ്ണക്കാറ്റ് ആഞ്ഞടിക്കുമെന്നതിനാൽ ഉഷ്ണതരംഗം അനുഭവപ്പെടും.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. ഇന്നലെ കനത്ത മഴയിൽ യൂവിലിൽ പലയിടങ്ങളിലും കാറുകൾ വെള്ളത്തിൽ മുങ്ങി. ലണ്ടനിൽ പല ട്യുബ് സ്റ്റേഷനുകളും അടച്ചിടേണ്ടതായി വരും ഒരു ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറോളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതായി വരുകയും ചെയ്തു. ബ്രിട്ടന്റെ മിക്കയിടങ്ങളിലും യെല്ലോ വാർണിങ് നൽകിക്കഴിഞ്ഞതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

കനത്ത മഴ പ്രതീക്ഷിക്കുന്ന സ്‌കോട്ട്ലാൻഡിൽ ആംബർ വാർണിങ് ആണ് നൽകിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അബെർഡീൻഷയർ, ഡൺഡീ, ആൻഗസ്, ഫൈഫ്, വെസ്റ്റ് സെൻട്രൽ സ്‌കോട്ട്ലാൻഡ് എന്നിവയുൾപ്പടെ 15സ്ഥലങ്ങളീൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് സ്‌കോട്ടിഷ് എൻവിറോണ്മെന്റ് പ്രൊട്ടക്ഷൻ ഏജൻസി നൽകിയിട്ടുണ്ട്. മാത്രമല്ല, സ്‌കോട്ട്ലാൻഡ് ഏതാണ്ട് പൂർണ്ണമായും തന്നെ ഇന്നു രാവിലെ 6 മണിമുതൽ നാളെ രാവിലെ 6 മണിവരെ ആംബർ അലർട്ടിനു കീഴിലായിരിക്കും.

അടുത്ത 24 മണിക്കൂറിനുള്ളിൽ 80 മി.മീ മുതൽ 100 മി. മീ വരെ മഴ പെയ്യുവാൻ സാധ്യതയുള്ളതിനാൽ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും ഇടയുണ്ട്. പലയിടങ്ങളിലും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അതേസമയം ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് 20 മുതൽ 30 മില്ലീമീറ്റർ വരെ മഴ ലഭിക്കുവാൻ സാധ്യതയുണ്ട്.