ലണ്ടൻ: സർക്കാരിന്റെ റിസർവ് ടാങ്കർ ഫ്ളീറ്റിൽ ഉണ്ടായിരുന്ന ടാങ്കറുകൾ കൂടി ഇന്നലെ നിരത്തിലിറങ്ങിയതായി ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാർടെംഗ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ പെട്രോൾ സ്റ്റേഷനുകളിലേക്ക് ഇന്ധനമെത്തിക്കാൻ ഇവയും ഉപയോഗിച്ചു തുടങ്ങിയതോടെ സ്ഥിതിഗതികൾ മെച്ചപ്പെടാൻ തുടങ്ങിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോറി ഡ്രൈവർമാരുടെ ക്ഷാമം ഇന്ധനവിതരണം തടസ്സപ്പെടുത്തിയതോടെയാണ് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയത്. അതോടൊപ്പം കുതിച്ചുയരുന്ന ഗ്യാസ് വില സാധാരണക്കാരനെ സമ്മർദ്ദത്തിലാക്കുമ്പോൾ കാർബൺ ഡൈയോക്സൈഡിന്റെ ക്ഷാമം ഭക്ഷ്യ-പാനീയ ഉദ്പാദന രംഗത്തെ വിപരീതമായി ബാധിക്കുന്നുമുണ്ട്.

ഹെവി ഗുഡ്സ് ഡ്രൈവർമാരുടെ ക്ഷാമം വിതരണ ശൃംഖലയെ താറുമാറാക്കിയതിനാൽ ഡിസംബർ മുതൽ അവശ്യവസ്തുക്കളുടെ വില ഉയരുമെന്ന് ചില്ലറവില്പന രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. അതുപോലെ പബ്ബുകളും റെസ്റ്റോറന്റുകളും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പലയിടങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ല. അതോടൊപ്പമാണ് വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പല ഭക്ഷണപദാർത്ഥങ്ങളുടെയും ക്ഷാമത്തിനു വഴിയൊരുക്കിയത്. ഇതോടെ പല ജനപ്രിയ ഭക്ഷ്യവസ്തുക്കളും മെനുവിൽ നിന്നും മാറ്റേണ്ടതായും വന്നിട്ടുണ്ട്. ഇത് ക്രിസ്ത്മസ്സിന്റെ ശോഭ കെടുത്തുമെന്നും ഹോസ്പിറ്റാലിറ്റി മേഖൽ മുന്നറിയിപ്പ് നൽകുന്നു.

റിസർവ്വിലുള്ള ടാങ്കറുകൾ ഇറക്കിയും സൈനിക ഡ്രൈവർമാരെ ഉപയോഗിച്ചുമൊക്കെ ഇന്ധന വിതരണത്തിലെ പ്രതിസന്ധി മാറ്റാൻ സർക്കാർ ശ്രമിക്കുമ്പോഴും ലോറി ഡ്രൈവർമാരുടെ ക്ഷാമവും ഇന്ധന പ്രതിസന്ധിയും ക്രിസ്ത്മസ്സ് ആഘോഷങ്ങളുടെ ശോഭ കെടുത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ബിസിനസ്സ് സെക്രട്ടറി പറയുന്നത്. ഈ പ്രശ്നങ്ങൾ ഒന്നും തന്നെ ക്രിസ്ത്മസ്സ് ആഘോഷങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകാൻ ആവില്ലെന്നായിരുന്നു ഒരു കോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത്.

ലോറി ഡ്രൈവർമാരുടെ ക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഭക്ഷ്യ വസ്തുക്കൾക്ക് മാത്രമല്ല, കൃസ്ത്മസ്സ് സമ്മാനങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ എല്ലാ സാധനങ്ങൾക്കും ഡിസംബർ മുതൽ വില വർദ്ധിക്കുമെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം പകുതി വരെ ഈ വർദ്ധനവ് തുടർന്നേക്കാമെന്നും ചിലർ പറയുന്നു.