കീവ്: ആയുധമേന്തിയ ഭടന്മാരുടെയും ഇലക്ട്രോണിക് സംവിധാനങ്ങളുടെയും സുരക്ഷയിൽ മുറിക്കുള്ളിൽ അടച്ചിരിക്കാതെ യുക്രെയിൻ പ്രസിഡണ്ട് ഈ യുദ്ധ നാളുകളിലും ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങുകയാണ്. കീവ് നഗരത്തിലെ ഒരു സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, പരിക്കെറ്റ സൈനികരെ കാണാൻ സെലെൻസ്‌കി നേരിട്ട് എത്തി. മാത്രമല്ല, അവരിൽ ചിലർക്ക് വിശിഷ്ടസേവാ മെഡലുകൾ നൽകുകയും ചെയ്തു. എല്ലാവരും അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സെലെൻസ്‌കി, വിജയം മാത്രമാണ് ലക്ഷ്യമെന്നും അവരെ ഓർമ്മിപ്പിച്ചു.

ആകെ 106 സൈനികർക്കാണ് ഇന്നലെ സെലെൻസി ഹീറോസ് ഓഫ് യുക്രെയിൻ പുരസ്‌കാരം നൽകിയത്. ഇതിൽ 17 പേർക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ഇത് സമ്മാനിക്കുക. ഖെർസൺ മേഖലയിൽ റഷ്യയുടേ 25 യൂണിറ്റ് സൈനിക സന്നാഹങ്ങൾ നശിപ്പിക്കുകയും 300 റഷ്യൻ സൈനികരെ കൊല്ലുകയും ചെയ്ത സൈനിക നടപടിക്ക് നേതൃത്വം നൽകിയ മുതിർന്ന ലെഫ്റ്റനന്റ് വൊളോഡിമിർ ഒലെസ്‌കവിച്ചും ഇന്നലെ ബഹുമതി ലഭിച്ചവരിൽ ഉൾപ്പെടുന്നു.

അതിനിടയിൽ രാജ്യത്തിന്റെ തെക്കൻ മേഖല കേന്ദ്രീകരിച്ച് ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് രൂപീകരിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ സെലെൻസ്‌കി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ബലം പ്രയോഗിച്ചും അതുപോലെ പണം നൽകി സ്വാധീനിച്ചും ചില പ്രാദേശിക നേതാക്കളേയും ഉദ്യോഗസ്ഥരേയും വരുതിയിൽ കൊണ്ടുവരാൻ റഷ്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കിഴക്കൻ മേഖലയിൽ യുക്രെയിൻ സേനയ്ക്കെതിരെ കലാപം നയിക്കുന്ന വിമതരുടെ സുരക്ഷാ കാര്യം പറഞ്ഞാണ് റഷ്യ അധിനിവേശം ആരംഭിച്ചത്. ഇപ്പോൾ തെക്കൻ മേഖല കേന്ദ്രീകരിച്ച് കൂടുതൽ പ്രശ്നങ്ങൾക്ക് ശ്രമിക്കുകയാണ് റഷ്യ. നിലവിൽ ഭാഗികമായി റഷ്യൻ നിയന്ത്രണത്തിലുള്ള ഈ മേഖലയിൽ റഷ്യ ഒരു വ്യാജ റഫറൻഡം നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും സെലെൻസ്‌കി ആരോപിച്ചു.

അതിനിടയിൽ, ഒരു ഭാഗത്ത് ചർച്ചകൾ പുരോഗമിക്കുമ്പോഴും ശനിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയും റഷ്യ കടുത്ത കടന്നാക്രമണം നടത്തുകയും ചെയ്തു. മരിയുപോൾ, കീവിന്റെ അതിർത്തിപ്രദേശങ്ങൾ എന്നിവിടങ്ങളിലായിരുന്നു കനത്ത ആക്രമണം നടന്നത്. പടിഞ്ഞാറൻ യുക്രെയിനിലെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായാണ് വാർത്തകൾ വരുന്നത്.

നാറ്റോ അതിർത്തിക്കടുത്തായിരുന്നു ഈ ആക്രമണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഉപരോധങ്ങൾ കൊണ്ടൊന്നും പിന്മാറില്ലെന്ന് നാറ്റോക്ക് സൂചന നൽകുകയായിരുന്നു പുടിൻ എന്നാണ് ചില പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ യുദ്ധം പഴയ ശീതയുദ്ധത്തെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു എന്നതിന്റെ സൂചനയായും പലരും ഈ ആക്രമണത്തെ കാണുന്നുണ്ട്. എങ്കിൽ അത് നിലവിലുള്ള ലോകക്രമത്തെ മാറ്റിയെഴുതും എന്നതിൽ സംശയമില്ല.