ഉപ്പുതോട്: തൃക്കാക്കരയിലെ മിന്നുന്ന വിജയം പി ടി തോമസിന് സമർപ്പിച്ചതിന് പിന്നാലെ പിടി തോമസിന്റെ കല്ലറയിൽ എത്തി പ്രാർത്ഥന നടത്തി ഉമതോമസ്. പി.ടിയെ അടക്കം ചെയ്ത ഉപ്പുതോട് സെന്റ്ജോസഫ് ദേവാലയത്തിലെ സെമിത്തേരിയിലെത്തിയാണ് ഉമാ തോമസ് പ്രാർത്ഥന നടത്തിയത്. മക്കളായ വിവേകും വിഷ്ണുവും കോൺഗ്രസ് നേതാക്കളും അവർക്കൊപ്പമുണ്ടായിരുന്നു. തൃക്കാക്കരയിലെ തന്റെ വിജയം പി.ടി.ക്ക് സമർപ്പിക്കാൻ വേണ്ടിയാണ് വന്നത്. പി.ടി.തന്നെയാണ് തനിക്ക് മാർഗദീപം, പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതെന്നും പ്രാർത്ഥന നടത്തിയ ശേഷം ഉമാ തോമസ് പറഞ്ഞു.

ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. പി.ടി.യുടെ വികസന സ്വപ്നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരും. എന്നും അദ്ദേഹത്തിന്റെ നിഴലായി കൂടെയിരുന്നിട്ടേയുള്ളൂ. നൂറ് ശതമാനം ആലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ആരാധനയും ഈ കാരണത്താലാണ്. അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാൻ സാധിക്കില്ല എന്നതുകൊണ്ടാണ് ശരീരിക ബുദ്ധിമുട്ടുകൾ മാറ്റിവെച്ച് ഉപ്പുതുറയിലെത്തിയതെന്നും ഉമാ തോമസ് പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ബൂത്ത് തലത്തിൽ പോലും നേരിടേണ്ടി വന്നത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജോ ജോസഫ് ലീഡ് ചെയ്തത് 23 ബൂത്തുകളിൽ മാത്രമായിരുന്നു. മണ്ഡലത്തിലെ 239 ബൂത്തുകളിൽ ബാക്കിയെല്ലായിടത്തും ഉമയ്ക്കാണ് മേൽകൈ. ചളിക്കവട്ടം, തമ്മനം മേഖലകളിലെ ബൂത്തുകളിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലീഡുള്ളത്. കാരണക്കോടം സെയ്ന്റ് ജോർജ് സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിൽ എ.എൻ. രാധാകൃഷ്ണന് 269 വോട്ടുകൾ കിട്ടി. ഇവിടെയാണ് ബിജെപി.ക്ക് കൂടതൽ വോട്ടുള്ളത്.

തൃക്കാക്കര ഭാരതമാതാ കോളേജിലെ ബൂത്ത് നമ്പർ 112-ലാണ് ഉമയ്ക്ക് കൂടുതൽ വോട്ട് കിട്ടിയത് - 597 വോട്ട്. 350 വോട്ടാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഇവിടെ ലഭിച്ചത്. പാലാരിവട്ടം ഹരിജൻ വെൽഫെയർ സെന്റർ 39-ാം നമ്പർ ബൂത്തിൽ 516 വോട്ടും ഉമ നേടി. ഇവിടെ ജോ ജോസഫിന് 237 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തൈക്കൂടം സെയ്ന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ 74-ാം നമ്പർ ബൂത്തിൽ ഉമ 570 വോട്ടുകൾ നേടിയപ്പോൾ 228 വോട്ടാണ് എൽ.ഡി.എഫിന് കിട്ടിയത്. ഇടപ്പള്ളി പയസ് ഗേൾസ് സ്‌കൂളിലെ 14-ാം നമ്പർ ബൂത്തിൽ ഉമയ്ക്കും ജോ ജോസഫിനും തുല്യ വോട്ടായിരുന്നു; 23 വീതം.

ചളിക്കവട്ടം പി.കെ. മാധവൻ സ്മാരക വായനശാലാ ഹാളിലെ 41-ാം നമ്പർ ബൂത്തിൽ ജോ ജോസഫ് 502 വോട്ട് നേടി. എൽ.ഡി.എഫിന് കൂടുതൽ വോട്ട് കിട്ടിയ ബൂത്ത് ഇതാണ്. ഉമ 389 വോട്ടും നേടി. പൊന്നുരുന്നി എസ്‌പി. യോഗം കെട്ടിടത്തിലെ ബൂത്തിൽ (നമ്പർ-62) എൽ.ഡി.എഫിന് 456 വോട്ടും ഉമയ്ക്ക് 267 വോട്ടും കിട്ടി. ചിറ്റാറ്റുകര നസ്രത്തുൽ ഇസ്ലാം സ്‌കൂളിലെ 162-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ്. 424 വോട്ട് നേടിയപ്പോൾ 409 വോട്ട് ഉമയ്ക്കുണ്ട്.

ബിജെപി. സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് 12 ബൂത്തുകളിൽ മാത്രമേ നൂറിലധികം വോട്ടു കിട്ടിയിട്ടുള്ളൂ. ബാക്കിയിടങ്ങളിൽ രണ്ടക്കത്തിൽ ഒതുങ്ങേണ്ടി വന്നു.