കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അനധികൃത നിയമനങ്ങൾ നടന്നതായി ആരോപണം. കോവിഡിന്റെ മറവിൽ ഇരുന്നൂറിലധികം നിയമനങ്ങളാണ് അനധികൃതമായി നടന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

നിലവിലെ ഒഴിവുകളിലേക്ക് തിങ്കളാഴ്ച ഇവിടെ ഇന്റർവ്യൂ നടക്കുന്നുണ്ട്. എന്നാൽ, ഇത് പ്രഹസനമാണെന്ന് സിപിഐ ലോക്കൽ സെക്രട്ടറി വിജിലൻസിന് നൽകിയ കത്തിൽ പറയുന്നു. ഈ ഒഴിവുകളിലേക്ക് 200ഓളം പേരെ നിയമിച്ച് കഴിഞ്ഞതായാണ് സൂചന.ചില ഉദ്യേഗഥർ പണം വാങ്ങിയാണ് നിയമനം നൽകിയിട്ടുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. താൽക്കാലിക അടിസഥാനത്തിലെ നിയമനങ്ങളാണ് ഇപ്പോൾ നടന്നിട്ടുള്ളത്. എന്നാൽ, ഇതിൽ ചിലത് സഥിരനിയമനം ആകാൻ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്.

ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. താൽക്കാലിക ഒഴിവിലേക്ക് എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ച്‌വഴി നിയമനം നടത്താമെന്നായിരുന്നു യോഗത്തിൽ തീരുമാനിച്ചിരുന്നത്. ജില്ല കലകടർ, മെഡിക്കൽ ഓഫിസർ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.