കന്‍വാര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുളള തെരച്ചിലില്‍ ഒന്‍പതാം ദിവസത്തിലേക്ക്. അതിനിടെ നിര്‍ണ്ണായക സൂചന സൈന്യത്തിന് കിട്ടുകയും ചെയ്തു. ഗംഗാവാലി പുഴയില്‍ റഡാര്‍ സി?ഗ്‌നല്‍ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാര്‍ സിഗ്‌നലും ലഭിച്ചത് പുതിയ പ്രതീക്ഷയാണ്. നാവികസേന നടത്തിയ തെരച്ചിലില്‍ ആണ് ഈ സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. സോണാര്‍ സിഗ്‌നല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലോറി അല്ലെങ്കില്‍ ടവര്‍ എന്നാണ് വിലയിരുത്തല്‍.

ശക്തമായ അടിയൊഴുക്ക് മൂലമാണ് ഇന്നലെ ഈ പ്രദേശത്ത് ഇറങ്ങാന്‍ കഴിയാതെ വന്നത്. രണ്ട് സിഗ്‌നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ അവിടെ ആകും ഇനി തെരച്ചിലിന്റെ കേന്ദ്ര ബിന്ദുവെന്നും നാവിക സേന വ്യക്തമാക്കി. ഈ സിഗ്‌നലില്‍ രണ്ട് സാദ്ധ്യതകളുണ്ടെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നു.. ഒന്ന് ഒരു മെറ്റല്‍ ടവര്‍ മറിഞ്ഞു പുഴയില്‍ വീണിരുന്നു. അതാകാം. അല്ലെങ്കില്‍ അത് അര്‍ജുന്റെ ലോറി ആകാം. ഐബോഡ് എന്ന ഉപകരണം ഉപയോഗിച്ചും ഇവിടെ പരിശോധന നടത്താനാണ് നാവികസേനയുടെ തീരുമാനം.

'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ അറിയിച്ചിട്ടുണ്ട്. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് 'ഐബോഡ്'. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഐബോഡ് എന്ന ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തെരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാനാകും.

ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. മണ്ണില്‍ പുതഞ്ഞ് പോയ വസ്തുക്കള്‍ 20 മീറ്റര്‍ ആഴത്തിലും വെള്ളത്തിലും മഞ്ഞിലും 70 മീറ്റര്‍ ആഴത്തിലും കണ്ടെത്താമെന്നാണ് പ്രതീക്ഷ. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടി കര്‍ണാടക ഹൈക്കോടതിയും ഇടപെടല്‍ നടത്തിയിരുന്നു. രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണം. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെടണമെന്ന ഹര്‍ജിയിലാണ് നടപടി. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തന പുരോഗതി കേന്ദ്രം കോടതിയെ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതിനിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴയിലുണ്ടായ മണ്‍തിട്ട പരിശോധിക്കാനും നടപടി തുടങ്ങി. കുഴിച്ച് പരിശോധിക്കാന്‍ ബോറിങ് യന്ത്രങ്ങള്‍ എത്തിക്കും സന്നദ്ധപ്രവത്തകരെ ഇന്നലെ തിരച്ചിലിന് അനുവദിച്ചില്ല.