തിരുവനന്തപുരം: യൂനിസെഫിന്റെ പേരിൽ തലസ്ഥാന നഗരത്തിൽ പലരിൽ നിന്നും സംഭാവനയെന്ന പേരിൽ പണം തട്ടുന്നതായി ആക്ഷേപം. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎന്നിന്റെ ഓദ്യോഗിക സംഘടനയാണ് യൂനിസെഫ്. ഇവരുടെ പേരിൽ ഐഡന്റിറ്റി കാർഡ് ധരിച്ചെത്തുന്നവർ മ്യൂസിയം, കനകക്കുന്ന് മേഖലയിൽ ഉല്ലാസത്തിനും വിശ്രമത്തിനുമായി എത്തുന്നവരെ ക്യാൻവാസ് ചെയ്ത് പിരിവ് നടത്തുന്നതായാണ് പരക്കെ ആക്ഷേപം ഉയരുന്നത്.

മാന്യമായി വസ്ത്രം ധരിച്ച ചിലരാണ് ഇത്തരത്തിൽ കനകക്കുന്നിലും മറ്റും വന്ന് ഇരിക്കുന്നവരെ സമീപിക്കുകയും ഭക്ഷണംപോലും ഇല്ലാതെ വിഷമിക്കുന്ന ഇന്ത്യയിലേയും ലോകത്തിലേയും പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നത്. യുനിസെഫിന്റെ പേരിൽ ഇവർ നടത്തുന്നത് സംഭാവന പിരിക്കലല്ലെന്നും ഒരുതരം പ്രൊഫഷണൽ ഭിക്ഷാടനമാണെന്നും ചൂണ്ടിക്കാട്ടി ഇതിനെതിരെ തലസ്ഥാന നിവാസിയായ സജീവ് കൃഷ്ണൻ നായർ യുനിസെഫിന് പരാതി നൽകി.

കുറച്ച് കാലമായി തലസ്ഥാനത്ത് ഇത്തരം സംഘങ്ങൾ സജീവമാണെന്നാണ് സൂചനകൾ. രണ്ടുപേരടങ്ങുന്ന സംഘമാണ് വിശ്രമത്തിനായി വന്ന് ഇരിക്കുന്നവരെ സമീപിക്കുക. പിന്നീട് യുനിസെഫിന്റെ പേരിലുള്ള ബോ്രഷറുകളും മറ്റും കാട്ടി സഹായം അഭ്യർത്ഥിക്കും. 500 രൂപ മുതൽ മേലോട്ടാണ് സഹായം ആവശ്യപ്പെടുന്നത്. സംഭാവന ഇല്ലെന്ന് പറഞ്ഞാലും മോശക്കാരാക്കുന്ന തരത്തിൽ സംസാരിച്ചും മറ്റും വലയിൽ വീഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെടുന്നുണ്ടെന്നും യുവ സംരംഭകരായ സജീവ്, സുഹൃത്ത് നഹാസ് എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കനകക്കുന്ന്, മ്യൂസിയം മേഖലകളിൽ ഇത്തരത്തിൽ നിരവധി സംഘങ്ങൾ അവിടെ വിശ്രമത്തിനും മറ്റുമായി എത്തുന്നവരെ സമീപിക്കുന്നുണ്ടെന്നാണ് വിവരം. പണം ആവശ്യപ്പെടുമ്പോൾ ഇല്ലെന്ന് പറഞ്ഞാൽ അക്കൗണ്ട് വഴി നൽകിയാൽ മതിയെന്നാണ് പറയുക. ഇതിനായി അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും ശേഖരിക്കുകയും ചെയ്യും. ഒരു തവണ അഞ്ഞൂറ് രൂപയല്ലേ പോകൂ എന്നുകരുതി പണം നൽകുന്നവർക്ക് മാസംതോറും അഞ്ഞുറ് രൂപവച്ച് നഷ്ടപ്പെടുന്നുണ്ടെന്ന് പരാതികൾ ഉണ്ട്. വ്യക്തമായ പരിശീലനവും യുനിസെഫിന്റെ ഐഡന്റിറ്റി കാർഡും ബ്രോഷറുമെല്ലാം നൽകി വഴുതക്കാടുള്ള ഒരു ഐടി സ്ഥാപനത്തിന്റെ മറവിലാണ് ഇത്തരത്തിൽ ഫണ്ടുപിരിവെന്നാണ് സൂചനകൾ. 18-22 വയസ്സ് പ്രായമുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും ഉപയോഗിച്ചാണ് പിരവ് നടത്തുന്നത്.

ഇത്തരത്തിൽ ചാരിറ്റിയുടെ പേരിൽ പ്രവർത്തിക്കുന്നത് ഒരു വലിയ പ്രൊഫഷണൽ ഭിക്ഷാടന സംഘമാണെന്നുതന്നെ പറയേണ്ടിവരുമെന്ന് യുവാക്കൾ ചൂണ്ടിക്കാട്ടി. പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരമെന്നും ഇരുവരും പറയുന്നു. ഈ സംഘത്തിന്റെ പ്രവർത്തനത്തെ പറ്റി അറിയാൻ കൂടുതൽ അനേ്്വഷണം നടത്തിയെന്നും ലഭിച്ച വിവരങ്ങൾ സഹിതം ഡിജിപിക്ക് പരാതി നൽകുമെന്നും യുവാക്കൾ മറുനാടനോട് പറഞ്ഞു. കനകക്കുന്നിലും മറ്റും അൽപം വിശ്രമസമയം ചെലവഴിക്കാൻ എത്തുന്ന വയോധികരേയും മറ്റും സംസാരിച്ചു സംസാരിച്ച് വലയിൽ വീഴ്‌ത്തുന്നതാണ് ഇവരുടെ രീതി. പണം ഇല്ലെന്ന് പറഞ്ഞാൽ കളിയാക്കി മാനസിക സമ്മർദ്ദത്തിലാക്കി എങ്ങനെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും.

പണം തട്ടുന്നതിന് പുറമെ അക്കൗണ്ട്, ഫോൺ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുക കൂടിയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് സംശയമുയർന്നിട്ടുണ്ട്. ഏതായാലും തലസ്ഥാന നഗരത്തിൽ അടുത്തിടെ ഇവർ വ്യാപകമായി പലയിടത്തും യുനിസെഫിന്റെ ചാരിറ്റിയുടെ പേരിൽ പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

ഇത്തരത്തിൽ പലയിടത്തും തട്ടിപ്പുണ്ടെന്ന് യുനിസെഫും

ഇന്ത്യയിൽ പലയിടത്തുനിന്നും ഇത്തരത്തിൽ പരാതികൾ ഉയരുന്നുണ്ടെന്ന് യുനിസെഫും സമ്മതിക്കുന്നുണ്ട്. യുനിസെഫിന്റെ പേരിൽ വെബ്സൈറ്റ് വഴി താൽപര്യമുള്ളവർക്ക് പണം സംഭാവനയായി നൽകാം. അതോടൊപ്പം അംഗീകൃത വളന്റിയർമാരും സംഭാവനകൾക്കായി ഫോണിലൂടെയും മറ്റും ബന്ധപ്പെടാറുമുണ്ട്. ഇതിന്റെ മറവിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.

ചില വ്യാജ സംഘടനകളും വ്യക്തികളും യുനിസെഫിന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്തായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അതിനെതിരെ കരുതിയിരിക്കണമെന്നും 2020 ഡിസംബറിൽ യുനിസെഫ് അവരുടെ വെബ്സൈറ്റിൽ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും രാജ്യത്ത് പല സ്ഥലത്തും ഇത്തരത്തിൽ വ്യാജ ഫണ്ട് പിരിവ് നടക്കുന്നതായുള്ള പരാതികൾ നൂറുകണക്കിനുണ്ട്. ഇതിനിടെയാണ് ഇപ്പോൾ തിരുവനന്തപുരത്തും ഇത്തരം സംഘങ്ങൾ സജീവമാണെന്ന വിവരങ്ങൾ പുറത്തുവരുന്നത്.

ഇത്തരത്തിൽ ഇതുവരെ നേരിട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇക്കാര്യം അന്വേഷിച്ചപ്പോൾ മ്യൂസിയം പൊലീസും വ്യക്തമാക്കുന്നു. പണം കൊടുക്കുന്നില്ലെങ്കിലും അൽപസമയം സ്വസ്ഥമായി ഇരിക്കാൻ മ്യൂസിയത്തിലും കനകക്കുന്നിലുമായി എത്തുന്ന പലർക്കും ഇക്കൂട്ടർ ഒരു നിരന്തര ശല്യമായി തീർന്നിരിക്കുകയാണ് ഇപ്പോൾ. യുനിസെഫിന്റെ പേരിലുള്ള ഐഡന്റിറ്റി കാർഡ് സഹിതമാണ് ഇവരുടെ പണപ്പിരിവ്. എന്നാൽ ഈ ഐഡികാർഡ് യഥാർത്ഥത്തിൽ യുനിസെഫ് തന്നെ നൽകിയതാണോ എന്നതും സംശയകരമാണ്.