കൊച്ചി: കുർബാന പരിഷ്‌കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തർക്കം അവസാനിക്കുന്നു. ഡിസംബർ 25 മുതൽ പുതിയ കുർബാന ക്രമം നടപ്പാക്കുമെന്ന് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു. ഡിസംബർ 25 മുതൽ പുതിയ കുർബാനയിലേക്ക് മാറാനുള്ള ഒരുക്കം നടത്താനാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപത വൈദികർക്ക് ബിഷപ്പ് സർക്കുലർ നൽകി.

എന്നാൽ ഇതോടെ ഈസ്റ്ററിന് മുൻപ് പുതിയ കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ലെന്നുറപ്പായി. ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും അതിനാൽ പുതിയ കുർബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നുമാണ് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചത്.

കഴിഞ്ഞ വർഷം ചേർന്ന സിനഡ് യോഗമാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ തീരുമാനിച്ചത്. 2021 ലെ ഈസ്റ്റർ മുതൽ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനും നിർദ്ദേശിച്ചു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ തീരുമാനം അംഗീകരിച്ചില്ല. വർഷങ്ങളായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരണമെന്നായിരുന്നു ആവശ്യം.

കർദ്ദിനാളിന്റെ നിർദ്ദേശം തള്ളി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി മെത്രാപൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ പ്രത്യേക ഇളവ് നൽകി. അനിശ്ചതകാലത്തേക്ക് നൽകിയ ഈ ഇളവാണ് ആർച്ച് ബിഷപ് പിൻവലിച്ചത്.

മാർപ്പാപ്പയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണി കരിയിലിന്റെ പുതിയ നടപടി. പുതിയ കുർബാനയ്ക്ക് ഒരുക്കങ്ങൾ നടത്താൻ സമയം വേണ്ടതിനാൽ ഈസ്റ്ററിന് മുൻപ് തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നും സർക്കുലറിലുണ്ട്. മാത്രമല്ല ഇക്കാര്യം വൈദികരെയും അൽമായരെയും ബോധ്യപ്പെടുത്താൻ സാവകാശം വേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു.

ആർച്ച് ബിഷപ്പിന്റെ നടപടി അംഗീകരിക്കുന്നതായി പ്രതിഷേധം ഉയർത്തിയ വൈദികർ അറിയിച്ചു.സിനഡ് ഏകപക്ഷീയമായി എടുത്ത തീരുമാനത്തെയാണ് എതിർത്തതെന്നും അനീതിക്കെതിരെ ഇനിയും ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്നും വൈദികർ വ്യക്തമാക്കി.