ന്യൂഡൽഹി: യോഗി ആദിത്യനാഥിനെതിരായ പ്രതിപക്ഷ ഐക്യത്തിന് കരുത്ത് പകരാൻ കർഷകരും. യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാനാണ് കർഷക കൂട്ടായ്മകളുടെ തീരുമാനം.

ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടാൻ കർഷകർ തീരുമാനിച്ചു. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്ത സാഹചര്യത്തിലാണ്, 'മിഷൻ യുപി' എന്ന പേരിൽ ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് കർഷകർ ഒരുങ്ങുന്നത്. സിംഘുവിൽ കഴിഞ്ഞ ദിവസം ചേർന്ന കർഷക സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം.

ബംഗാളിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ കർഷക നേതാക്കൾ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. തൃണമൂലിനു പിന്തുണയുമായിട്ടായിരുന്നു പര്യടനം. ഇത് ഫലം കണ്ടു എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് യുപിയിലും ഇടപെടലിന് എത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കൂട്ടായ്മ ബിജെപിയ്‌ക്കെതിരെ യുപിയിൽ രൂപംകൊള്ളുമെന്നാണ് സൂചന. ഇതിനിടെയാണ് കർഷകരുടേയും പ്രഖ്യാപനം.

വിവാദ കർഷക ബില്ലിനെതിരായ സമരത്തിൽ യുപിയിലെ കർഷകരും സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഈ നീക്കം ബിജെപിക്ക് വലിയ വെല്ലുവിളിയാകും. ഓരോ മണ്ഡലത്തിലും ബിജെപിയെ തോൽപിക്കാൻ കെൽപുള്ള പാർട്ടിക്കു പിന്തുണ നൽകുമെന്നു കർഷക നേതാക്കൾ പറഞ്ഞു.

ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സംഘടനകളുടെ യോഗം വൈകാതെ വിളിച്ചുകൂട്ടും. സംസ്ഥാനത്തുടനീളം വാഹനജാഥ സംഘടിപ്പിക്കും. ഉത്തർപ്രദേശിൽ 2022-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയുമായോ ബി.എസ്‌പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനിടെ ശരത് പവാറിനെ മുൻനിർത്തി പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതയും തേടുന്നുണ്ട്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് തിരിച്ചടി നേരിട്ടിരുന്നു.

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സുപ്രധാന സഖ്യങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് അവരും പറഞ്ഞത്. ഇവരെയെല്ലാം ഒരുമിപ്പിക്കാൻ എന്ന് കർഷക കൂട്ടായ്മയും ശ്രമിക്കും.