ന്യൂഡൽഹി: 2022 -ൽ നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ആശ്യപ്പെട്ട് തങ്ങളെ സമീപിക്കുന്ന പാർട്ടിപ്രവർത്തകരായ ടിക്കറ്റ് മോഹികളോട് 11,000 രൂപ അപേക്ഷ ഫീസായി പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദേശിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം.

സ്ഥാനാർത്ഥിയാകാനുള്ള അപേക്ഷക്കൊപ്പമാണ് പണം നൽകേണ്ടത്. സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ. സ്‌പെറ്റംബർ 25നകം അപേക്ഷയും പണവും നൽകണമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തെഞ്ഞെടുപ്പ് പ്രമാണിച്ച് ദ്വിദിന കാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ ക്ഷണിച്ചത്. ഡ്രാഫ്റ്റ് ആയോ  RTGS ആയോ ഈ തുക ഒടുക്കം എന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അറിയിപ്പിലുണ്ട്. സെപ്റ്റംബർ 25 ആണ് ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ഇതിനോടകം തന്നെ സംസ്ഥാനത്തെ 403 അസംബ്ലി സീറ്റുകളിൽ ഏകദേശം 90 എണ്ണത്തോളം ഇതിനകം തന്നെ സിറ്റിങ് എംഎൽഎമാർക്കും, പ്രമുഖ പാർട്ടി നേതാക്കൾക്കുമായി റിസർവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സ്റ്റേറ്റ്‌സ്മാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ശേഷിക്കുന്ന സീറ്റുകളിലേക്കാണ്, ജില്ലാ കമ്മിറ്റികളിൽ നിന്നും വരുന്ന അപേക്ഷകൾ, സംസ്ഥാന കമ്മിറ്റി പരിശോധിച്ച് അവയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരുകളാണ് ഹൈക്കമാണ്ടിലേക്ക് അന്തിമ തീരുമാനത്തിനുവേണ്ടി അയക്കുക.

ടിക്കറ്റ് മോഹികൾക്ക് അപേക്ഷ സമർപ്പിക്കാൻ ഒരു പെർഫോമയും യുപി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇത്തവണ തയ്യാറാക്കിയിട്ടുണ്ട്. അതിൽ എത്ര കാലമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ഞൂറോളം പരിശീലന ക്യാമ്പുകൾ നടത്തി, മുപ്പതിനായിരത്തിലധികം പ്രവർത്തകരെയും നേതാക്കളെയും പരിശീലിപ്പിക്കുന്നുണ്ട് കോൺഗ്രസ്. ഇത്തവണ പ്രിയങ്കാ ഗാന്ധി നേരിട്ടാണ് ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സകല സന്നാഹങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.

സഖ്യമില്ലാതെ പ്രിയങ്കഗാന്ധിയെ മൂൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ശ്രമം. പ്രിയങ്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ പ്രവർത്തനം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌പിയുമായി സഖ്യം ചേർന്ന് മത്സരിച്ച കോൺഗ്രസിന് ഏഴെണ്ണം മാത്രമേ വിജയിക്കാനായിരുന്നുള്ളൂ.