ലക്‌നൗ: ജനസംഖ്യ നിയന്ത്രണ ബില്ലിൽ കടുത്ത നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിൽ നിന്നും രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ വിലക്കണമെന്നതുൾപ്പടെ കർശന നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സംസ്ഥാന നിയമകാര്യ കമ്മീഷൻ പുറത്തുവിട്ട ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരട് രൂപത്തിലാണ് കർശനിർദ്ദേശങ്ങളുള്ളത്.

സർക്കാരിന്റെ സഹായപദ്ധതികളിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ ഒഴിവാക്കണമെന്ന നിർദേശവും ബിൽ മുന്നോട്ടുവെക്കുന്നുണ്ട്. യു പി സംസ്ഥാന നിയമകാര്യകമ്മീഷൻ ചെയർമാർ ജസ്റ്റിസ് എ എൻ മിത്തലാണ് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടത്. റേഷൻ കാർഡുകൾ നാലുപേർക്കായി ബിൽ പരിമിതപ്പെടുത്തുന്നുണ്ട്. നികുതിദായകരുടെ പണം രണ്ടിൽ കൂടുതൽ കുട്ടികള്ളവർക്ക് നല്കാൻ സർക്കാരിന് കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച് ജസ്റ്റിസ് മിത്തൽ അഭിപ്രായപ്പെട്ടത്.

അതേസമയം, രണ്ടു കുട്ടികളുള്ളവർക്ക് നിരവധി സഹായങ്ങളും സൗജന്യങ്ങളും നല്കാൻ ബില്ലിൽ ശുപാർശയുണ്ട്. രണ്ടുകുട്ടികളുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ട് അധിക ഇൻക്രിമെന്റുകൾ സർവ്വീസിൽ ഉടനീളം നല്കാൻ ബില്ലിൽ ശുപാർശയുണ്ട്. ദേശീയ പെൻഷൻ പദ്ധതിയിൽ നിന്ന് പ്രത്യേക പ്രോവിഡന്റ് ഫണ്ട്, വീട് , സ്ഥലം എന്നിവ വാങ്ങുന്നതിന് സബ്സിഡികൾ തുടങ്ങി നിരവധി സഹായങ്ങളാണ് രണ്ടു കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ബിൽ മുന്നോട്ടുവെക്കുന്നത്.

സർക്കാർ സർവ്വീസിലില്ലാത്ത രണ്ടുകുട്ടികൾ ഉള്ളവർക്കും നിരവധി സൗജന്യങ്ങൾക്ക് നിർദേശമുണ്ട്. വെള്ളം, വൈദ്യുതി, വീട്ട് നികുതി, വീടിന് എടുക്കുന്ന വായ്പ എന്നിവയുടെ നിരക്കിൽ വലിയ ഇളവാണ് സർക്കാർ സർവ്വീസിൽ ഇല്ലാത്തവർക്കും ലഭ്യമാകുക. ഒറ്റ കുട്ടിയുള്ളവർക്കും സർക്കാർ സർവ്വീസിലും പുറത്തും നിരവധി സൗജന്യസഹായം കരട് ബിൽ നല്കുന്നുണ്ട്.

യു പി നിയമകാര്യ കമ്മീഷന്റെ വെബ്സൈറ്റിൽ ബില്ലിന്റെ കരട് രൂപം അപ്ലോഡ് ചെയ്തിട്ടുണ്ട്. ബില്ല് സംബന്ധിച്ച് പൊതുജനങ്ങളുടെ നിർദ്ദേശം ജൂലൈ 19 വരെ സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. 2021-30 കാലഘട്ടത്തിലെ സർക്കാരിന്റെ പുതിയ ജനസഖ്യാനയം ഞായറാഴ്‌ച്ച മുഖ്യമന്ത്രി യോഗി ആദിത്യതാഥ് പ്രഖ്യാപിക്കും.

കഴിഞ്ഞമാസം അസമിൽ പുതിയതായി നിലവിൽ വന്ന ഹിമന്ദ് ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരും ജനസഖ്യാനിയന്ത്രണത്തിന് ബിൽ മുന്നോട്ടുവെച്ചിരുന്നു.