ലക്നൗ : ഉത്തർപ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം. 825 ബ്ലോക്ക് പഞ്ചായത്തുകളിൽ 635 ലും എൻഡിഎ സഖ്യം ജയിച്ചു. സമാജ്വാദി പാർട്ടിയുടെ കോട്ടയായ അസംഗഢ് പിടിച്ചെടുത്തായിരുന്നു ബിജെപി വിജയം ഇരട്ടിമധുരമുള്ളതാക്കിയത്. ഇവിടെ ആകെയുള്ള 22 സീറ്റുകളിൽ 12 ഉം ബിജെപി നേടി.

ലക്നൗ, കന്നൗജ് എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്തുകൾ പൂർണമായും ബിജെപി നേടി. ലക്നൗവിലും കന്നൗജിലും ആകെയുള്ള എട്ട് സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി പുതു ചരിത്രം കുറിച്ചത്. മൊറാദാബാദിൽ ആറ് സീറ്റുകളും, ഭദോഹിയിൽ മൂന്ന് സീറ്റുകളും ബിജെപി നേടി.

സിതാപൂരിലാണ് കൂടുതൽ സീറ്റുകളിൽ ബിജെപി വിജയിച്ചത്. 15 സീറ്റുകളാണ് ഇവിടെ പാർട്ടി സ്വന്തമാക്കിയത്. ഹർദോയിലും ആഗ്രയിലും 14 വീതം സീറ്റുകൾ നേടി ഈ വിജയത്തിളക്കം ബിജെപി കാത്തു സൂക്ഷിച്ചു.

അതേസമയം തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്ക് നേരിടേണ്ടിവന്നത്. പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് ബിജെപിയ്‌ക്കെതിരെ കോൺഗ്രസിന് നേടാനായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ സംസ്ഥാനത്ത് ബിജെപിക്ക് കരുത്തു പകർന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.