ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ നേതാക്കളുടെ നിർണായക കൂടിക്കാഴ്ച. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമാണ് ലൗഖ്നൗവിൽ കൂടിക്കാഴ്ച നടത്തിയത്.

ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടിയുടെ ചുമതല വഹിക്കുന്ന നേതാവ് കൂടിയാണ് സഞ്ജയ് സിങ്. ഔപചാരികമായ സന്ദർശനമെന്നാണ് കൂടിക്കാഴ്ചയെ സഞ്ജയ് സിങ് വിശേഷിപ്പിച്ചത്. 'ഞങ്ങൾ പലതവണ കണ്ടുമുട്ടിയിട്ടുണ്ട്. ജൂലായ് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ (അഖിലേഷിന്റെ) ജന്മദിനം. അന്ന് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അതിനാൽ ആശംസകൾ അർപ്പിക്കാൻ ഇന്ന് കണ്ടു. അതിൽ ഒന്നും കാണേണ്ടതില്ല' സിങ് പറഞ്ഞു.

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കുറിച്ച് തങ്ങൾ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ബിജെപി ഹൈജാക്ക് ചെയ്തെന്നും ജനാധിപത്യത്തെ സംസ്ഥാന ഭരണം ഉപയോഗിച്ച് ദുരുപയോഗം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

25 ജില്ലാ പഞ്ചായത്തുകളിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറയുമ്പോൾ തിരഞ്ഞെടുപ്പ് നടന്നില്ല എന്നാണ് അർഥമെന്നും സഞ്ജയ് സിങ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി എസ്‌പി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു. അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടിലെ ക്രമക്കേട് സംബന്ധിച്ച് ആം ആദ്മി പാർട്ടിയും എസ്‌പിയും ഒരുമിച്ചാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.