ദുബായ്: യു എ ഇ യിലെ ബ്ലൂ കോളർ തൊഴിലാളികൾക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ അപ്പ്‌സ്‌കില്ലിങ് ആൻഡ് ട്രെയിനിങ് സെന്റർ ദുബായിൽ തുടങ്ങി. ദുബായ് ജബൽ അലിയിലെ ഡൽഹി പ്രൈവറ്റ് സ്‌കൂളിൽ (DPS) വെച്ച് ഇന്ത്യൻ വിദേശകാര്യസഹമന്ത്രിയും പാർലിമെന്ററി വകുപ്പ് മന്ത്രിയുമായ വി മുരളീധരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ത്യയിൽ നിന്നുള്ള സ്‌കിൽഡ് തൊഴിലാളികൾക്ക് ജപ്പാനിൽ തൊഴില് സാധ്യതകൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഫോറിൻ സെക്രട്ടറി ഹർഷ് വർധന ശൃംഗളയും ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ സതോഷി സുസുക്കിയും ചേർന്ന്, കഴിഞ്ഞ ആഴ്ചയിൽ ഒപ്പു വച്ച പുതിയ ഉടമ്പടിയോട് അനുബന്ധമായ നടപടിയായിരുന്നു ഇത്.

സ്‌കൂൾ പരിസരങ്ങളിൽ അടിസ്ഥാന അറബിക്, ഇംഗ്ലീഷ് കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാന എന്നിവയ്ക്കുള്ള ക്ളാസുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു. അദ്ദേഹം തൊഴിലാളികളുമായി സംവദിക്കുകയും, തങ്ങളുടെ കഴിവുകൾ മികവുറ്റതാക്കാനും ആതിഥേയ രാജ്യത്തിൽ തങ്ങളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള ജോലിക്കാരുടെ, പ്രത്യേകിച്ച് സ്ത്രീത്തൊഴിലാളികളുടെ താൽപര്യത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ തൊഴിലാളികളുമായുള്ള സംവാദത്തിനിടയിൽ ബ്ലൂ കോളർ ജോലിക്കാർ അയക്കുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലമായുള്ള പണം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ സംഭാവന നൽകുന്നതായി ഇന്ത്യൻ ഭരണകൂടം കണക്കാക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. കോവിഡിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് താൻ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു കൂടാതെ എല്ലാ സംസ്ഥാനങ്ങളോടും പ്രവാസികളെ തിരികെ കൊണ്ട് വരാൻ സഹായകമായ പദ്ധതികൾ രൂപപ്പെടുത്താൻ ഭരണകൂടം നിര്‌ദേശിച്ചിരുന്നതായും അറിയിച്ചു.

2021 ജനുവരി 19 -21 തിയ്യതികളിൽ വി. മുരളീധരൻ യു എ ഇ യിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഇതിൽ അദ്ദേഹം യു എ ഇ യിൽ നിന്നുള്ള വിശിഷ്ട വ്യക്തികളെയും യു എ യിലുള്ള വിശാലമായ ഇന്ത്യൻ സമൂഹത്തെയും സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള ഉഭയകക്ഷി അന്താരാഷ്ട്ര പ്രശ്‌നങ്ങളെക്കുറിച്ച് തുല്യ പദവിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിലുള്ള പ്രശ്‌നങ്ങൾ, പ്രത്യേകിച്ചും ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഈ സന്ദർശനം ലക്ഷ്യമിട്ടത്. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും 2020 നവംബറിൽ യു എ ഇ സന്ദർശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു എയർ ബബിൾ സംവിധാനവും വിജയകരമായി പ്രവർത്തിച്ചു വരുന്നുണ്ട്.