ലഖ്‌നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. ലഖ്‌നോവിലെ ബൽറാംപുർ ആശുപത്രിയിലാണ് സംഭവം.രണ്ടുവർഷമായി പെൺകുട്ടിക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുമുണ്ടായിരുന്നു. മുടികൊഴിച്ചിലായിരുന്നു പെൺകുട്ടിയെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്‌നം.

പത്തുദിവസം മുമ്പ് കുട്ടിക്ക് കടുത്ത വയറുവേദനയും ഛർദിയും ആരംഭിക്കുകയായിരുന്നു. ഇതോടെ ബൽറാംപുരിലെ ആശുപത്രിയിലെത്തിച്ചു. സർജൻ ഡോ. എസ്.ആർ. സംദാറിന്റെ നേതൃത്വത്തിൽ കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. അൽട്രാസൗണ്ട് പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് സി.ടി സ്‌കാനിന് വിധേയമാക്കിയപ്പോഴും വയറ്റിൽ പന്തിന്റെ വലിപ്പത്തിൽ മുഴ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ എൻഡോസ്‌കോപിക്ക് വിധേയമാക്കി.തിൽ പെൺകുട്ടിയുടെ വയറ്റിൽ മുടിയാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു.ഉടൻ തന്നെ ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയും ചെയ്തു.

രണ്ടുമണിക്കൂറോളം നീണ്ട ശസ്‌ക്രിയയിലൂടെ മുടി ഡോക്ടർമാർ പുറത്തെടുത്തു. പെൺകുട്ടിക്ക് അപൂർവരോഗമാണെന്നും ജനിച്ചപ്പോൾ മുതലുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമാണ് ഇതിന് കാരണമെന്നും ഡേക്ടർമാർ പറഞ്ഞു.20 സെന്റിമീറ്റർ വീതിയിൽ രണ്ടു കിലോയിലധികം തൂക്കമായിരുന്നു മുടിക്ക്.

വർഷങ്ങളോളം പെൺകുട്ടി കഴിച്ച മുടി വയറ്റിൽ ഒരു കെട്ടായി മാറിയിരുന്നു. പെൺകുട്ടിയുടെ ആമാശയത്തിൽനിന്ന് ചെറുകുടലിലേക്കുന്ന വഴിയും ഇതോടെ തടസപ്പെട്ടു. ഇതോടെയാണ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. 32 കിലോയിലേക്ക് പെൺകുട്ടിയുടെ ഭാരം കുറയാനും ഇത് ഇടയാക്കി. ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുക്കുകയല്ലാതെ മറ്റു ചികിത്സകളിലെന്ന് ഡോക്ടർമാർ പറഞ്ഞു.