ലക്‌നൗ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ മകന് ജോലി നഷ്ടമായതോടെ രണ്ടു മാസത്തിലേറെ കൊടും പട്ടിണിയുമായി മല്ലിട്ട 45കാരിയെയും അഞ്ച് മക്കളെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അലിഗഡ് പട്ടണത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക എൻജിഒ ആശുപത്രി അധികൃതരെ വിവരം അറിയിച്ചതോടെയാണു കുടുംബത്തിന്റെ ദുരിതം പുറത്തറിഞ്ഞത്. ഇവർക്കു റേഷൻ കാർഡോ ആധാർ കാർഡോ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനിടെ ഭർത്താവു മരിച്ച ഗുഡ്ഡി എന്ന യുവതിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുഡ്ഡിയും കുട്ടികളും തീർത്തും അവശനിലയിലായിരുന്നെന്നും അവരെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ഇവരുടെ 20 വയസ്സുള്ള മൂത്ത മകൻ മേസൻ ജോലി ചെയ്താണു കുടുംബം പുലർത്തിയിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ മേസനു ജോലി നഷ്ടമായി. 'പോഷകാഹാരങ്ങളും മറ്റു വൈദ്യ സഹായങ്ങളും ഞങ്ങൾ ലഭ്യമാക്കുന്നുണ്ട്. എല്ലാവരും സുഖപ്പെടും, ഭയക്കാൻ ഒന്നുമില്ല.' ഡോക്ടർ പറഞ്ഞു.

സംഭവത്തെപ്പറ്റി ഗുഡ്ഡിയുടെ പ്രതികരണം ഇങ്ങനെ, 'വീട്ടിൽ യാതൊരു വസ്തുക്കളും ഇല്ല. കഴിഞ്ഞ മൂന്നു മാസമായി ഇതായിരുന്നു സ്ഥിതി. ഭക്ഷണം നൽകാൻ അയൽക്കാരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒന്നോ രണ്ടോ ദിവസം ഭക്ഷണം നൽകാനുള്ള ശേഷിയേ തങ്ങൾക്ക് ഉള്ളുവെന്നും എല്ലാ ദിവസവും ഭക്ഷണം നൽകാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്. ഇതോടെ മറ്റുള്ളവരോടു ഭക്ഷണം ചോദിക്കുന്നതു നിർത്തി. പിന്നീടു ഗ്രാമത്തലവനോടു സഹായം ചോദിച്ചു. ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 100 രൂപ എങ്കിലും തരാമോ എന്നു വരെ ചോദിച്ചു. അതു പോലും എടുക്കാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ച് കിലോ അരി എങ്കിലും നൽകാമോ എന്നു റേഷൻ കട ഉടമയോടും ചോദിച്ചതാണ്. അയാളും പറ്റില്ലെന്നു പറഞ്ഞു. ഇനി എവിടെ പോകാനാണു ഞങ്ങൾ?

കുടുംബത്തിനു റേഷൻ കാർഡോ ആധാർ കാർഡോ ഇല്ലെന്ന വിവരം അദ്ഭുതപ്പെടുത്തുന്നതാണെന്നും ചിലപ്പോർ ഇവർ ഇതിനായി ശ്രമിച്ചിരിക്കില്ലെന്നും അലിഗഡ് ജില്ലാ മജിസ്‌ട്രേട്ട് ചന്ദ്ര ഭൂഷൺ സിങ് പറഞ്ഞു. കുടുംബത്തിന് 5000 രൂപ നൽകിയെന്നും ആധാർ കാർഡും ബാങ്ക് അക്കൗണ്ടും തയാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അധാർ കാർഡിനും റേഷൻ കാർഡിനുമുള്ള അപേക്ഷ കോവിഡ് തുടങ്ങുന്നതിനു മുൻപുതന്നെ നൽകിയിരുന്നെന്നും ഏജന്റിനു 350 രൂപയും കൊടുത്തെന്നാണു ഗുഡ്ഡി പറയുന്നത്. ഇതിനിടെ സിം കാർഡ് നഷ്ടപ്പെട്ടതോടെ അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന് ഏജന്റ് അറിയിച്ചതായും അവർ പറഞ്ഞു. അധാർ കാർഡ് ലഭിക്കാൻ പ്രവർത്തനത്തിലുള്ള മൊബൈൽ നമ്പർ അനിവാര്യമാണ്.