കാൺപൂർ: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് 27 കാരനായ യുവാവ് നാവ് മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ കാൺപൂർ ദെഹത്ത് ജില്ലയിലാണ് സംഭവം. ഗോപാൽപൂർ ഗ്രാമത്തിൽ താമസിക്കുന്ന മുകേഷ് എന്നയാളാണ് 24 കാരിയായ ഭാര്യയുമായുള്ള വഴക്കിനിടെ സ്വന്തം നാവ് മുറിച്ചത്. 24കാരിയായ ഭാര്യയുമായി പതിവായി വഴക്കിടുന്നതിൽ ഇരുപത്തേഴുകാരൻ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

കുറച്ച് ദിവസം മുൻപ് മുകേഷും ഭാര്യ നിഷയും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ നിഷ സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച തിരികെ വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് മുകേഷ് നിഷയെ ഫോൺ വിളിച്ചിരുന്നു. ഇതിനിടെയാണ് നാവ് മുറിച്ചതെന്നാണ് റിപ്പോർട്ട്.

തിരികെ വീട്ടിലേക്ക് വരണമെന്ന് മുകേഷ് ആവശ്യപ്പെട്ടെങ്കിലും നിഷ ഇത് നിരസിക്കുകയായിരുന്നു. തുടർന്ന് ഫോണിലൂടെ ഇരുവരും തർക്കം ആരംഭിക്കുകയും ചെയ്തു. ദേഷ്യം സഹിക്കാനാകാതെ വന്നതോടെ ബ്ലേഡ് എടുത്ത മുകേഷ് നാക്ക് മുറിക്കുകയായിരുന്നു. മുകേഷ് കരയുന്നത് കേട്ട കുടുംബാംഗങ്ങളിലൊരാൾ ഇവിടെ എത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തുന്നത്.തുടർന്ന് ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയി.