വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് എന്നു പറഞ്ഞാൽ പരോക്ഷമായി ഒരു രാജ്യത്തിന്റെ അല്ല ഈ ലോകത്തിന്റെ തന്നെ അധിപനാണെന്നാണ് വെപ്പ്. അതുകൊണ്ടുതന്നെ ക്രമക്കേടുകൾ ഇല്ലാതെ ആ തെരഞ്ഞെടുപ്പ് നടക്കുക എന്നത് ഏറെ പ്രധാനമാണ്. പക്ഷേ ഇത്തവ ഡൊണാൾഡ് ട്രംപിന്റെ ഒരു പ്രസ്താവന വൻ വിവാദം ആയിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റാൽ താൻ അത് അംഗീകരിക്കില്ല എന്നതായിരുന്നു അത്. സമ്മർദത്തെ തുടർന്ന് അദ്ദേഹം പ്രസ്താവന തിരുത്തിയെങ്കിലും, വലിയ വ്യത്യാസത്തിൽ ഫലം ഉണ്ടായില്ലെങ്കിൽ കോടതി കയറാനുള്ള എല്ലാസാധ്യതയും അവിടെ നിലനിൽക്കുന്നുണ്ട്. കാരണം കോവിഡ് ആയതുകൊണ്ട് ഇത്തവണ 10 കോടിയോളം വോട്ടുകൾ നേരത്തെ തന്നെ തപാൽ വോട്ടായി ചെയ്തിട്ടുണ്ട്. ഇതിൽ ട്രംപും കൂട്ടരും ക്രമക്കേട് ആരോപിക്കാൻ നല്ല സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അത് 2000 ത്തിന്റെ ആവർത്തനം ആണെന്ന് പറയാതെ വയ്യ.

ബുഷ് ജയിച്ചത് വെറും അഞ്ചുവോട്ടിന്

വെറും അഞ്ചുവോട്ടിന് ജനങ്ങക്ക് പറ്റിയ അബദ്ധം എന്ന് ചില സിനിമയിൽ നായകർ ആക്രാശിക്കുന്നപോലെയാണ് 2000ത്തിൽ നടന്നത്. ബുഷിന് ഇലക്ട്രൽ കോളജിൽ വെറും അഞ്ചുവോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അന്ന് ബിൽക്ലിന്റൺ പ്രസിഡന്റായിരിക്കുമ്പോൾ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ജോർജ്ജ് ബുഷുമായിരുന്നു മൽസരിച്ചത്. അമേരിക്കൻ സുപ്രീം കോടതി പോലും ഇടപ്പെട്ട് തീർപ്പ് കൽപ്പിക്കേണ്ടി വന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ഇപ്പോഴും അത് സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചിട്ടില്ല.

ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി അൽ ഗോർ വന്നത് വളരെ എളുപ്പത്തിലായിരുന്നു. എന്നാൽ ജോൺ മെക്കെയ്ൻ എന്ന എതിരാളിയെ മറികടന്നാണ് ജോർജ്ജ് ബുഷിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ലഭിച്ചത്. ആദ്യ ഘട്ടങ്ങളിൽ നടന്ന അഭിപ്രായ സർവെകളിൽ ജോർജ്ജ് ബുഷിനായിരുന്നു നല്ല മുൻതൂക്കം. എട്ട് വർഷത്തെ ഡെമോക്രാറ്റ് ഭരണത്തിന് ശേഷം റിപ്പബ്ലിക്കൻ ഭരണം ഉറപ്പാക്കിയതുപോലെയായിരുന്നു കാര്യങ്ങൾ. എന്നാൽ ഒക്ടോബർ മാസത്തോടെ സ്ഥിതിയിൽ ചെറിയ മാറ്റമുണ്ടായി. അഭിപ്രായ സർവെകളിൽ ജോർജ്ജ് ബുഷിന്റെ ലീഡ് കുറഞ്ഞു.

ഈ സാഹചര്യത്തിലാണ് 2000 ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പൊളുകൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുന്നോട്ട് വെച്ചത്. ന്യൂ മെക്‌സിക്കോയും ഒറിഗോൺ സംസ്ഥാങ്ങളിലാവും കടുത്ത മൽസരം എന്നായിരുന്നുഎക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ അവസാനം ഫ്‌ളോറിഡയാണ് അനിശ്ചിതതത്വത്തിലേക്കും കോടതിയിലേക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ എത്തിച്ചത്. ഫ്‌ളോറിഡയിൽ ഗോർ വിജയിക്കുമെന്നായിരുന്നു ആദ്യ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. പിന്നീട് ലീഡ് ബുഷിനായി. ഇതിനിടയിൽ ഒരു ഘട്ടത്തിൽ അൽ ഗോർ ബുഷിനെ വിളിച്ച് പരാജയം സമ്മതിക്കുക പോലും ചെയ്തു. എന്നാൽ പിന്നീട് അൽ ഗോറിന് ലീഡ് ലഭിച്ചു. ഈ ഘട്ടത്തിൽ ഗോർ വീണ്ടും ജോർജ്ജ് ബുഷിനെ വിളിച്ചു. നേരത്ത വിജയം സമ്മതിച്ചത് പിൻവലിക്കുകയാണെന്ന് പറഞ്ഞു. അത് ജോർജ്ജ് ബുഷിനെയും അത്ഭുതപ്പെടുത്തി. നിങ്ങൾ വിജയം സമ്മതിച്ചുവെന്ന പ്രസ്താവന പിൻവലിക്കുകയാണോ എന്നായിരുന്നുവത്രെ ബുഷിന്റെ പ്രതികരണം. 45 മിനിറ്റിനകം എല്ലാം മറിയുകയായിരുന്നു. ആരെയും വിജയായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല.

ബാലറ്റിനും ക്രമക്കേട്

ബാലറ്റ് പേപ്പറിൽ പേരുകൾ അച്ചടിച്ചതടക്കമുള്ള കാര്യങ്ങളിൽ വലിയ തോതിൽ തർക്കമുണ്ടായി. ബാലറ്റു പേപ്പറുകൾ വീണ്ടും എണ്ണി. ഫ്‌ളോറിഡയിലെ ചില കൗണ്ടികളിൽ ഉപയോഗിച്ച ബാലറ്റുകളെക്കുറിച്ചും ആക്ഷേപമുണ്ടായി. ഈ ഘട്ടത്തിലാണ് ഫ്‌ളോറിഡ കോടതി ഇടപെടുന്നതും വോട്ടെണ്ണൽ വീണ്ടും നടത്തുന്നതും. ഫ്‌ളോറിഡയിലെ മുഴുവൻ കൗണ്ടിയിലേയും വോട്ട് എണ്ണനായി കോടതി ഉത്തരവിട്ടു. ഇതിനെതിരെ ബുഷ് സുപ്രീം കോടതിയിൽ അപ്പീൽ പോയി സ്റ്റേ വാങ്ങി. തർക്കങ്ങളും കോടതി ഇടപെടലുകളും തുടർന്നു. ഒടുവിൽ നവംബർ അവസാനം ബുഷ് 537 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു.

എന്നാൽ വീണ്ടും കോടതി ഇടപെടൽ ഉണ്ടായി. ബാലറ്റ് പേപ്പറിൽ അവ്യക്തമായി പതിഞ്ഞ 45,000 വോട്ടുകൾ വീണ്ടും എണ്ണാൻ ഉത്തരവിട്ടു. ഈ ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടാകുന്നതും ഈ വോട്ടെണ്ണൽ നിർത്തിവെയ്ക്കുന്നതും. രണ്ടിനെതിരെ ഏഴ് വോട്ടിനായിരുന്നു സുപ്രിം കോടതിയുടെ ഇടപെടൽ. ഫ്‌ളോറിഡ കോടതിയുടെ തീരുമാനത്തിനനുസരിച്ച് നിശ്ചിതസമയത്തിനുള്ളിൽ വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിഗമനം. ഇതോടെ ഫലത്തിൽ വിജയം ജോർജ്ജ് ബുഷിനായി. ഫ്‌ളോറിഡ ജയിച്ച ബുഷ്, പ്രസിഡന്റ് പദവിയും ഉറപ്പിച്ചു. അഞ്ചു വോട്ടിനായിരുന്നു ബുഷിന്റെ വിജയം. 266 നെതിരെ 271 വോട്ടിന്. പ്രസിഡന്റാകാൻ വേണ്ടതിന് ഒരു വോട്ടു മാത്രം കൂടുതൽ. അൽ ഗോറിന്റെ ഒരു പ്രതിനിധി വോട്ടെടുപ്പിൽ പങ്കെടുത്തുമില്ല! ജനങ്ങളുടെ ആകെ വോട്ടിൽ ബുഷിനെക്കാൾ അഞ്ച് ലക്ഷം കൂടുതലായിരുന്നു ഗോറിന്. 1888 ന് ശേഷം അമേരിക്കയിൽ ആദ്യമായിട്ടായിരുന്നു കൂടുതൽ ജനകീയ വോട്ട് നേടിയ ആൾ ഇലക്ടറൽ വോട്ടിൽ പരാജയപ്പെടുന്നത്.

അന്ന് മറിച്ചായിരുന്നു തെരഞ്ഞെടുപ്പ് വിധിയെങ്കിൽ അമേരിക്കയുടെയും ലോകത്തിന്റെ തന്നെയും ഗതി മാറി പോയെനെ. ജോർജ്ജ് ബുഷിന്റെ കാലത്താണ് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരിൽ വ്യാപകമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ സൈനിക ഇടപെടലുകൾ ഉണ്ടായത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ജനങ്ങൾ ഇപ്പോഴും അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുന്നു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അൽ ഗോറിന് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2007 ൽ സമാധാനത്തിനുള്ള നോബെൽ സമ്മാനവും ലഭിച്ചു.