ന്യൂയോർക്ക്: വിസ്‌കോൻസെനിലെ കെനോഷയിൽ കഴിഞ്ഞ ദിവസം നിരായുധനായ കറുത്തവർഗ്ഗക്കാരനെ പൊലീസ് വെടിവെച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നാം ദിവസം പിന്നിടുകയാണ്. കറുത്ത വർഗ്ഗക്കാരനായ ജേക്കബ് ബ്ലേക്ക് എന്ന 29 വയസ്സുകാരനെ സ്വന്തം കുട്ടികളുടെ മുന്നിൽ വച്ചാണ് എട്ടു തവണ പൊലീസ് വെടിവച്ചത്. ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിൽ തുടരുന്ന ബ്ലേക്കിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ പ്രക്ഷോഭത്തിനിടയിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാൻ രംഗത്തിറങ്ങിയ ഒരു കൂട്ടം സായുധ സംഘങ്ങളാണ് വെടിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.

കെനോഷയിലെ വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട് ഒരു 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെയ്പിനു ശേഷം നഗരം വിട്ടുപോയ കെയ്ൽ റിട്ടെൻഹൗസ് എന്ന കൗമാരക്കാരനെ, 15 മൈൽ അകലെയുള്ള അയാളുടെ സ്വദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഒന്നാം ഡിഗ്രി മനഃപൂർവ്വമായ നരഹത്യയാണ് അയാളുമേൽ ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇയാൾ പൊലീസുകാർക്കൊപ്പം നടന്നു നീങ്ങുന്നതിന്റെയും കൈകൾ ആകാശത്തേക്ക് ഉയർത്തുന്നതിന്റെയും പിന്നീട് വെടിവെയ്പിനു ശേഷം തന്റെ തോക്കുമായി കൈ താഴ്‌ത്തുന്നതിന്റെയുമൊക്കെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

നേരത്തേ പ്രക്ഷോഭകാരികൾ വൃത്തികേടാക്കിയ ഒരു സ്‌കൂൾ മതിൽ വൃത്തിയാക്കുന്ന സംഘത്തിലും ഇയാൾ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഒരു കാർ ഷോറുമിന് സംരക്ഷണം നൽകുന്ന സായുധ സംഘത്തിലും ഇയാളെ കണ്ടവരുണ്ട്. നിയമം നടപ്പാക്കുന്ന പൊലീസുകാർക്ക് പിന്തുണയേകുന്ന ബ്ലൂ ലൈഫ് മാറ്റേഴ്സ് എന്ന പ്രസ്ഥാനത്തിന്റെ അനുയായി ആണ് ഇയാൾ എന്നാണ് ഇയാളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ കാണിക്കുന്നത്.

ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് പ്രക്ഷോഭത്തെ തുടക്കം മുതൽക്കേ എതിർക്കുന്ന പ്രസിഡണ്ട് ട്രംപ്, വിസ്‌കോസിനിലേക്ക് സൈനികരെ അയയ്ക്കുവാൻ ആവശ്യപ്പെടണമെന്ന് സംസ്ഥാന ഭരണാധികാരികളോട് ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ അതൊന്നു മാത്രമേ വഴിയുള്ളു എന്നും ഗവർണർ ധൃതഗതിയിൽ സൈന്യത്തെ വരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ഈവ്രീസ് ഈ ആവശ്യം നിരാകരിച്ചതായി പിന്നീട് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

പൊലീസിനെതിരെ വധശ്രമവുമായി പ്രക്ഷോഭകർ

അതിനിടെ അഗ്‌നിക്കിരയാക്കിയ ഒരു കെട്ടിടത്തിനകത്ത് പൊലീസുകാരെ അടച്ചുപൂട്ടിയിടാൻ ഒരു കൂട്ടം പ്രക്ഷോഭകാരികൾ ശ്രമിച്ചു എന്ന ആരോപണവുമായി സിയാറ്റിൽ പൊലീസ് രംഗത്തെത്തി. കെട്ടിടത്തിന്റെ വാതിലിന് മുൻപിൽ പ്രക്ഷോഭകാരികൾ പ്ലൈവുഡ് കഷണങ്ങൾ അടുക്കി വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ ലഭ്യമാണ്. അതിവേഗം ഉണങ്ങുന്ന സിമന്റ് ഉപയോഗിച്ച് വാതിൽ കൊട്ടിയടച്ചതായും പൊലീസ് പറയുന്നു.

ഇലക്ട്രോണിക് കീപാഡ് നശിപ്പിച്ചതിനാൽ പിന്നീട് പൊലീസിന് ആ വാതിൽ തകർത്താണ് പുറത്തേക്കിറങ്ങാൻ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. ഇത് പ്രതിഷേധമല്ല, പൊലീസിന്റെ നേർക്കുള്ള അതിക്രമമായി മാത്രമേ കാണാനാകൂ എന്നാണ് പൊലീസ് മേധാവി പറഞ്ഞത്.

പ്രക്ഷോഭം ഫാസിസത്തിലേക്ക് തിരിയുകയാണോ ?

ഇതിനിടെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികൾ പലയിടങ്ങളിലും അക്രമാസക്തരാകുന്നതിന്റെ റിപ്പോർട്ടുകൾ ലഭിച്ചു തുടങ്ങി. വാഷിങ്ടണിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു വനിതയോട് കൈ ഉയർത്തി ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ട ഒരു സംഘം പ്രക്ഷോഭകാരികൾ അതിന് തയ്യാറാകാതിരുന്ന അവരെ അവഹേളിക്കുകയും ചെറിയ തോതിൽ ഉപദ്രവിക്കുകയും ചെയ്തു. 1933 ലെ ശരത്ക്കാലത്ത് ജർമ്മൻ തെരുവുകളിൽ യുവാക്കൾ ഇറങ്ങി ഹെയിൽ ഹിറ്റ്ലർ മുദ്രാവാക്യങ്ങൾ നാട്ടുകാരെക്കൊണ്ട് നിർബന്ധിച്ച് വിളിപ്പിച്ചിരുന്ന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇന്നലെ അമേരിക്കയിലെ പല നഗരങ്ങളിലും അരങ്ങേറിയ കാഴ്‌ച്ചകൾ.

തെരുവിലിറങ്ങിയ ജനക്കൂട്ടം എല്ലാവരേയും അവർക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെടുകയായിരുന്നു. മിതവാദികളായ പല കറുത്തവർഗ്ഗ നേതാക്കളും ഇതിനെ ശക്തമായി അപലപിച്ചിട്ടുണ്ട്. അതുപോലെ പല ബി എൽ എം പ്രക്ഷോഭകാരികളും ഇത്തരം നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. നല്ലൊരു ഉദ്ദേശത്തോടെ ആരംഭിച്ച ഒരു പ്രക്ഷോഭം ഒരുപറ്റം കലാപകാരികളുടെ കൈയിൽ എത്തി നിൽക്കുന്നുണ്ടോ എന്ന് പലരും സംശയിക്കുന്നുമുണ്ട്.