വാഷിങ്ടൺ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരർക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഇന്ത്യയിലേക്ക് എത്തുന്നവർ കശ്മീർ സന്ദർശിക്കരുതെന്നും അക്രമങ്ങളും ബലാത്സംഗങ്ങളും ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കശ്മീർ സന്ദർശിക്കരുത് എന്ന് നിർദേശവും അമേരിക്ക സ്വന്തം പൗരന്മാർക്ക് നൽകിയിരിക്കുന്നത്.

സംഘർഷ സാഹചര്യം തുടരുന്നതിനാൽ, ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. 'ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിച്ചുവരികയാണെന്ന് അഥോറിറ്റികൾ റിപ്പോർട്ട് ചെയ്യുന്നു. വിനോദ സഞ്ചാര മേഖലകളിലും മറ്റു സ്ഥലങ്ങളിലും ലൈംഗിക അതിക്രമങ്ങൾ കൂടുതലാണ്. തീവ്രവാദികൾ ഒരു മുന്നറിയിപ്പുമില്ലാതെ അക്രമിച്ചേക്കാം. വിനോദ സഞ്ചാര മേഖലയും മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തീവ്രവാദികൾ ലക്ഷ്യംവയ്ക്കുന്നുണ്ട്.'- യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കിഴക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ തെലങ്കാനവരെയും ബംഗാളിലെ പടിഞ്ഞാറൻ മേഖലയിലമുള്ള ഗ്രാമങ്ങളിലേക്ക് അമേരിക്കൻ സംവിധാനങ്ങൾക്ക് അതിവേഗം എത്തിച്ചേരാനുള്ള പരിമിതികളുണ്ടെന്നും മാർഗനിർദേശത്തിൽ പറയുന്നു.

പാക്കിസ്ഥാനിലേക്ക് പോകുന്ന യാത്രക്കാർക്കും സമാനമായ മാർഗനിർദേശങ്ങൾ യുഎസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലുചിസ്ഥാൻ, ഖയ്ബർ മേഖലകളിലേക്ക് പോകരുതെന്നാണ് നിർദ്ദേശം.