ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അക്ഷരാർഥത്തിൽ നടക്കുന്നത് ഇഞ്ചോടിച്ച് പോരാട്ടാം. തങ്ങളുടെ പരമ്പരാഗത മേഖലകൾ നിലനിർത്തിക്കൊണ്ട് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോബൈഡൻ നേരിയ മുൻ തൂക്കം തുടരുന്നുണ്ടെങ്കിലും, നിർണ്ണയകമായ ചാഞ്ചാടുന്ന സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. ഈ രീതിയിൽ പോവുകയാണെങ്കിൽ ശരിക്കും ഒരു ഫോട്ടോ ഫനീഷ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിർണായക സംസ്ഥാനമായ ഫ്‌ളോറിഡയിലും ടെക്സാസിയും വിജയിച്ചത് ട്രംപിന് വൻ പ്രതീക്ഷയാണ് ഉയർത്തുന്നത്. . 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ ജയിക്കും എന്നിരിക്കേ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ വിജയം ട്രംപിന് ആത്മവിശ്വാസം പകരുന്നുണ്ട്.ഫ്‌ളോറിഡയ്‌ക്കൊപ്പം ടെക്സാസിലെയും ഓഹിയോയിലും വിജയം ട്രംപിനൊപ്പം നിന്നു. ഓഹിയോ പിടിക്കുക വഴി 18 ഇലക്ടർ വോട്ടുകളാണ് ഇതുവഴി ട്രംപ് പെട്ടിയിലാക്കിയത്. 20 ഇലക്ടർ വോട്ടുകൾ നേടി പെൻസിൽവാനിയയിലും 16 ഇലക്ടറൽ വോട്ടുകൾ നേടി ജോർജിയയിലും ട്രംപ് തന്നെയാണ് വിജയിച്ചത്.

ഫ്ളോറിഡയിലെ ജയത്തിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് എത്തി. നാം വൻ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ അവർ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിങ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാൻ ആർക്കും ആവില്ല. ഇന്ന് രാത്രിയിൽ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വൻ വിജയത്തിന്റെ പ്രഖ്യാപനം - ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ബൈഡനും പ്രതീക്ഷ കൈവിട്ടിട്ടില്ല.

കമല ഹാരിസിനൊപ്പം ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരെ കണ്ട ബൈഡൻ അമേരിക്ക പിടിച്ചെടുക്കാനുള്ള വഴിയിലാണ് തങ്ങളെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തു വരാൻ അൽപം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡൻ അണികളോട് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡൻ വ്യക്തമാക്കി.

19 സംസ്ഥാനങ്ങളിൽ ബൈഡനും 17 സംസ്ഥാനങ്ങളിൽ ട്രംപും വിജയിച്ചതായാണ് റിപ്പോർട്ടുകൾ. ജനകീയ വോട്ടിൽ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള കാലിഫോർണിയ(55) ബൈഡനൊപ്പമാണ് നിലകൊള്ളുന്നത്.