വാഷിങ്ടൻ : നവംബർ 12ന് ട്രംപിന്റെ മകൾ ടിഫിനിയുടെ വിവാഹം ഫ്ളോറിഡയിൽ നടക്കും. ഇതിനുശേഷം 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായാണ് ട്രംപുമായി അടുത്ത ബന്ധമുള്ളവർ നൽകുന്ന സൂചന. ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് സെനറ്ററിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ നവംബർ 14ന് തിരഞ്ഞെടുക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടി ചൂണ്ടികാണിക്കപ്പെടുന്നു. പ്രസിഡന്റ് ബൈഡൻ നീണ്ട ഏഷ്യൻ സന്ദർശത്തിനായി നവംബർ രണ്ടാം വാരം പുറപ്പെടും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ നടക്കുന്ന പ്രഖ്യാപനം ലോകശ്രദ്ധ ആകർഷിക്കും.

എന്നാൽ സ്ഥാനാർത്ഥിത്വം എവിടെവച്ചു പ്രഖ്യാപിക്കണമെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണു സൂചന. വ്യാഴാഴ്ച അയോവയിൽ നടന്ന തിരഞ്ഞെടുപ്പു റാലിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു തയാറായതായി ട്രംപ് വ്യക്തമാക്കിയിരുന്നു.