ന്യൂഡൽ​ഹി: ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ യൂട്യൂബിന്റെയും ജി-മെയിലിന്റെയും പ്രവർത്തനം നിലച്ചു. ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടത്. സെർവറുകൾ പ്രവർത്തന രഹിതമായതാണ് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമായിരുന്നു. 'പ്രവർത്തന രഹിതം' എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.

ഡൗൺ ഡിക്ടക്ടർ സൈറ്റിന്റെ വിവരങ്ങൾ പ്രകാരം യൂട്യൂബ്, ജി-മെയിൽ എന്നിവയ്ക്കും ഒപ്പം ഗൂഗിൾ സെർച്ചിനും, ഗൂഗിൾ ഡ്രൈവിനും പ്രശ്നം നേരിട്ടുവെന്നാണ് വിവരം. വൈകീട്ട് 4.56 ഓടെയാണ് യൂട്യൂബ്, ജിമെയിൽ‍, ഗൂഗിൾ ഡ്രൈവ് തുടങ്ങിയവയ്ക്ക് പ്രശ്നം നേരിട്ട് തുടങ്ങിയത്. പ്രശ്നം ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഡൗൺ ഡിക്ടക്റ്റർ ഡാറ്റ വെളിവാക്കുന്നത്.

യൂട്യൂബിൽ വീഡിയോ കാണാൻ പറ്റുന്നില്ല എന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. ഒപ്പം ലോഗിൻ പ്രശ്നവും ഉണ്ട്. ഗൂഗിൾ ഡ്രൈവ് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് ഉയർന്ന പ്രശ്നം. ഗൂഗിൾ സെർച്ചിനും പ്രശ്നം നേരിട്ടു എന്ന റിപ്പോർട്ടുണ്ട്. ജിമെയിലിലും ലോഗിൻ പ്രശ്നം ഉണ്ടെന്നാണ് പ്രശ്നം നേരിട്ടവർ പറയുന്നത്. എന്നാൽ എന്താണ് പ്രശ്നത്തിന് പിന്നിൽ എന്ന് ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.